കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം വൈകും

Update: 2019-04-08 01:45 GMT

തിരുവനന്തപുരം: കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം കാലാവധി നീട്ടുന്നതടക്കമുള്ള അനുമതി തേടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കാര്യങ്ങളില്‍ പ്രധാനപ്പെട്ട നാലെണ്ണത്തിലെയും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസറുടെ ശുപാര്‍ശ കമ്മീഷന്‍ തിരിച്ചയച്ചു. കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് ഫയല്‍ മടക്കിയതോടെ മൊറട്ടോറിയം നടപ്പാക്കുന്നത് ഇനിയും വൈകും.

പെരുമാറ്റച്ചട്ടം നിലനില്‍ക്കെ, കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കുമുള്ള മൊറട്ടോറിയം കാലാവധി നീട്ടുന്നത് ഉള്‍പ്പടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനോട് സര്‍ക്കാര്‍ അനുമതിതേടിയത് പത്ത് കാര്യങ്ങള്‍ക്കായിരുന്നു. എന്നാല്‍, കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയമടക്കം പ്രധാനപ്പെട്ട നാലെണ്ണത്തിലും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസറുടെ ശുപാര്‍ശ കമ്മിഷന്‍ തിരിച്ചയക്കുയായിരുന്നു. ഇതോടെ മൊറട്ടോറിയം നടപ്പാക്കുന്നത് ഇനിയും വൈകാനാണ് സാധ്യത.

കേരളാ മെഡിക്കല്‍ എജ്യുക്കേഷല്‍ ആക്ടിലെ ഭേദഗതി, ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെ ആനുകൂല്യങ്ങള്‍ വിപുലമാക്കല്‍, സെക്രട്ടേറിയറ്റ് കെട്ടിടം നവീകരണം എന്നിവയുടെ ശുപാര്‍ശകളും തിരിച്ചയച്ചവയില്‍പ്പെടും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനം, പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ആനൂകൂല്യം തുടങ്ങിയ അപേക്ഷകളാണ് പരിഗണിച്ചത്.

ഒക്ടോബര്‍ 30വരെ മൊറട്ടോറിയം നിലനില്‍ക്കെ ഒരുമാസത്തേക്ക് കാലവാധി നീട്ടേണ്ടതിന്റെ ആവശ്യമെന്തെന്നാണ് കമ്മിഷന്റെ സംശയം. എന്നാല്‍ ഒക്ടോബര്‍ വരെയുള്ളത് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയമാണെന്നും കര്‍ഷക ആത്മഹത്യയെത്തുടര്‍ന്ന് അവരുടെ എല്ലാ വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനിച്ചതെന്നുമാണ് സര്‍ക്കാര്‍ വാദം.

കമ്മിഷന്‍ തിരിച്ചയച്ച ഫയലുകളില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സ്‌ക്രീനിങ് കമ്മിറ്റിചേര്‍ന്ന് കൂടുതല്‍ വിശദീകരണത്തോടെ വീണ്ടും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നല്‍കണം. ഫയലുകള്‍ തിങ്കളാഴ്ച ചീഫ് സെക്രട്ടറിക്ക് കൈമാറുമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു.



Similar News