പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും

Update: 2024-11-25 01:18 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. വഖ്ഫ് നിയമഭേദഗതി അടക്കം 15 ബില്ലുകള്‍ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കും. മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഹനിക്കുന്ന വഖ്ഫ് നിയമഭേദഗതി ബില്‍ ചര്‍ച്ച ചെയ്യുന്ന സംയുക്ത പാര്‍ലമെന്ററി സമിതി റിപോര്‍ട്ട് നല്‍കിയതിന് ശേഷമായിരിക്കും ബില്ല് പരിഗണിക്കുക. ശീതകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച്ചയിലെ അവസാന ദിവസമാണ് സമിതി റിപോര്‍ട്ട് നല്‍കുക. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ വഖ്ഫ് നിയമഭേദഗതി ബില്ല് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയായിരുന്നു.

വയനാട് എംപിയായി പ്രിയങ്കാഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ആദ്യ വിഷയമായി വയനാട് ദുരന്തം അവര്‍ അവതരിപ്പിക്കും. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലും' ഇത്തവണ പാര്‍ലമെന്റിന്റെ പരിഗണനക്ക് വരും. കൂടാതെ രാജ്യത്ത് സഹകരണ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന്റെ ബില്ല്, ദുരന്തനിവാരണ നിയമം, റെയില്‍വേ, തുറമുഖം, ബാങ്കിങ് തുടങ്ങി വിവിധ നിയമങ്ങളും ഭേദഗതി ബില്ലുകളും സഭയില്‍ അവതരിപ്പിക്കപ്പെടും.

Similar News