ദുബൈ: സയണിസ്റ്റ് റബ്ബിയും ഇസ്രായേലി മുന്‍ സൈനികനുമായ സി കോഗന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ യുഎഇ പോലിസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. യുഎഇയിലെ സാമൂഹിക അന്തരീക്ഷം ദുര്‍ബലമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രസ്താവന പറയുന്നു.
ഫലസ്തീനികളെ പൂര്‍ണമായും ഫലസ്തീനില്‍ നിന്ന് പുറത്താക്കണമെന്ന നിലപാടുള്ള കബാദ് ജൂത വിഭാഗത്തിന്റെ റബ്ബിയായ സി കോഗന്റെ കാറും മൃതദേഹവും കഴിഞ്ഞ ദിവസമാണ് അല്‍ ഐന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇസ്രായേലി സൈന്യത്തിലെ ഗിവാറ്റി ബ്രിഗേഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ 2020ല്‍ യുഎസിന്റെ മധ്യസ്ഥതയില്‍ യുഎഇയും ഇസ്രായേലും തമ്മില്‍ ബന്ധം സ്ഥാപിച്ചതോടെ ദുബൈയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ജൂത ആചാരങ്ങള്‍ പ്രചരിപ്പിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി.
അതേസമയം, കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യുഎഇയിലെ ഇറാന്‍ എംബസി അറിയിച്ചു. കൊലപാതകത്തെ യുഎസ് അപലപിച്ചു. ഇതൊരു സാധാരണ കൊലപാതകമല്ലെന്നും യുഎഇക്കെതിരായ കുറ്റകൃത്യമാണെന്നും യുഎസിലെ യുഎഇ സ്ഥാനപതിയായ യൂസഫ് അല്‍ ഒതൈബ പറഞ്ഞു. '' യുഎഇയില്‍ ഞങ്ങള്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വമാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാ തരത്തിലുമുള്ള തീവ്ര നിലപാടുകളെയും ഞങ്ങള്‍ എതിര്‍ക്കുന്നു. സി കോഗന്റെ ഓര്‍മകളെ ഞങ്ങള്‍ ബഹുമാനിക്കുന്നു.'' - യൂസഫ് അല്‍ ഒതൈബ എക്‌സില്‍ കുറിച്ചു.