കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കുന്ന പണി സിപിഎം നിര്‍ത്തണം: ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബുറഹ്മാന്‍
തിരുവനന്തപുരം: സിപിഎമ്മിന്റെ ജമാഅത്ത് പരാമര്‍ശത്തിനെതിരെ മറുപടി പറഞ്ഞ് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബുറഹ്മാന്‍. 'ബിജെപിയ്‌ക്കെതിരെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിക്കുന്നത് സിപിഎമ്മിന് അസ്വസ്ഥത ഉണ്ടാകുന്നു. കേരളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ പല തവണ ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിരുന്നു. അപ്പോഴൊന്നും ഇല്ലാത്ത വര്‍ഗീയത സിപിഎം ഇപ്പോള്‍ ഉയര്‍ത്തുന്നതിന് പിന്നിലെ കുടില തന്ത്രം പ്രബുദ്ധ കേരളം തിരിച്ചറിയുകതന്നെ ചെയ്യും'' അദ്ദേഹം പറഞ്ഞു.
ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ (ജി.ഐ.ഒ) നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടത്തിയ ദക്ഷിണ കേരള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ജിഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുല്‍ത്താന അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ അഡ്വ. ഹാരിസ് ബീരാന്‍ എം.പി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.