ഇസ്രായേല്‍ ഞെട്ടിയ ഞായര്‍; 400 മിസൈലുകള്‍ ആക്രമിച്ചു, ലബ്‌നാന്‍ അതിര്‍ത്തിയില്‍ ആറ് മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ന്നു

Update: 2024-11-25 02:35 GMT

ബെയ്‌റൂത്ത്: തെക്കന്‍ ലബ്‌നാനില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ ആറ് മെര്‍ക്കാവ ടാങ്കുകള്‍ ഒരു ദിവസം തകര്‍ത്ത് ഹിസ്ബുല്ല. ടാങ്കുകള്‍ക്ക് അകത്ത് ഒളിച്ചിരുന്ന് അധിനിവേശത്തിന് എത്തിയ സൈനികര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായി റിപോര്‍ട്ടുകള്‍ പറയുന്നു. അല്‍ ബയാദ പ്രദേശത്ത് ഹിസ്ബുല്ല നടത്തിയ പതിയിരുന്നാക്രമണത്തിലാണ് കോടിക്കണക്കിന് രൂപ വിലവരുന്ന ടാങ്കുകള്‍ തകര്‍ന്നത്.

അല്‍ ബയാദയില്‍ ഹിസ്ബുല്ല പോരാളികള്‍ ക്യാംപ് ചെയ്യുന്നുണ്ടെന്ന് 'തെളിവ്' ലഭിച്ചതിനെ തുടര്‍ന്നാണ് മെര്‍ക്കാവ ടാങ്കുകളുമായി ഇസ്രായേലി സൈന്യം അങ്ങോട്ട് പുറപ്പെട്ടത്. ആത്മവിശ്വാസത്തോടെ മുന്നേറിയ സൈന്യം ഹിസ്ബുല്ലയുടെ കെണിയില്‍ പെടുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്തെ ഉയര്‍ന്ന സ്ഥലങ്ങളില്‍ പതിയിരുന്ന ഹിസ്ബുല്ല പോരാളികള്‍ അവരെ ആക്രമിച്ചു. നാലു ടാങ്കുകള്‍ തല്‍ക്ഷണം തകര്‍ത്തു. അതിനിടയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മറ്റു രണ്ടു ടാങ്കുകളെയും ഉടന്‍ തകര്‍ക്കാന്‍ ഹിസ്ബുല്ലക്ക് കഴിഞ്ഞു. തകര്‍ന്ന ടാങ്കുകളില്‍ നിന്ന് ഇറങ്ങിയോടിയ സയണിസ്റ്റ് സൈനികര്‍ പാറകള്‍ക്ക് പുറകില്‍ 'കവര്‍' എടുത്ത് ഏറ്റുമുട്ടലും തുടങ്ങി. പക്ഷെ, ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ അവര്‍ പിന്തിരിഞ്ഞു.

തെക്കന്‍ ലെബനാനിലെ പ്രതിരോധത്തിന് പുറമെ ഇസ്രായേലിലെ പ്രധാന നഗരങ്ങളായ തെല്‍ അവീവ്, ഹൈഫ, അസ്‌ദോദ്, തുടങ്ങിയ പ്രദേശങ്ങളിലെ സൈനിക ക്യാംപുകളും ഇന്നലെ ഹിസ്ബുല്ല ആക്രമിച്ചു. ഏകദേശം 400 മിസൈലുകളും ഡ്രോണുകളുമാണ് ഈ ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചത്. ലബ്‌നാന്‍ അതിര്‍ത്തിയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള പ്രദേശങ്ങളും മിസൈലുകള്‍ ആക്രമിച്ചു.

 

ഇത്രയുമധികം പ്രദേശങ്ങള്‍ ഒരു ദിവസം മുമ്പൊരിക്കലും ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് ഇസ്രായേലി മാധ്യമമായ ചാനല്‍ 12 റിപോര്‍ട്ട് ചെയ്തത്. ഇസ്രായേലിലെ ഒരു പ്രദേശവും ഇപ്പോള്‍ ഹിസ്ബുല്ലയുടെ മിസൈലുകളില്‍ നിന്ന് സുരക്ഷിതമല്ല. പതിവ് പോലെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ മിസൈലുകള്‍ പ്രവര്‍ത്തിച്ചില്ലെന്നും ചാനല്‍ 12 റിപോര്‍ട്ട് ചെയ്യുന്നു. വ്യോമപ്രതിരോധ സംവിധാനം ഇപ്പോള്‍ സൈറണ്‍ മാത്രമാണ് പുറപ്പെടുവിക്കുന്നത്. അതുമൂലം 40 ലക്ഷം ജൂത കുടിയേറ്റക്കാര്‍ ബങ്കറില്‍ ഒളിക്കേണ്ടിയും വന്നു. ഹിസ്ബുല്ലയുടെ ആക്രമണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ലബ്‌നാനില്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.

Similar News