എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കിയ സംഭവം; സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡെന്ന് കെ സുധാകരന്‍

കാസര്‍കോട് സില്‍വര്‍ലൈന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദന കാണാതെ പോയത് ക്രൂരമാണെന്നും സുധാകരന്‍ പ്രതികരിച്ചു

Update: 2022-05-31 04:22 GMT

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.അമ്മയുടെ ആത്മഹത്യ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സംഭവമാണെന്നും,കാസര്‍കോട് സില്‍വര്‍ലൈന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദന കാണാതെ പോയത് ക്രൂരമാണെന്നും സുധാകരന്‍ പ്രതികരിച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി സുധാകരന്‍ കുറ്റപ്പെടുത്തി.'എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത വാര്‍ത്ത ഞെട്ടിക്കുന്നതാണ്. 28 വയസായ മകളെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെറ്റമ്മക്ക് ഇത്തരമൊരു സാഹസം ചെയ്യേണ്ടി വന്നത്. ഇരുവരുടെയും മരണം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡാണ്. അതിന്റെ പാപക്കറ എത്ര കഴുകിയാലും പിണറായി സര്‍ക്കാരിനെ വിട്ടുപോകില്ല.'സുധാകരന്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതം വച്ച് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.6287 എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചുലക്ഷം രൂപ വച്ച് നല്‍കാന്‍ സുപ്രിംകോടതി രണ്ടുവട്ടം നിര്‍ദ്ദേശിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി എടുത്തില്ല. കോടതി ഇടപെടലിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ 200 കോടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു.എന്നാല്‍, ചുവപ്പ് നാടയില്‍ കുരുങ്ങി നഷ്ടപരിഹാര വിതരണം മന്ദഗതിയിലായി. ലിസ്റ്റില്‍ ഉള്ള മുഴുവന്‍ പേര്‍ക്കും അര്‍ഹതപ്പെട്ട സഹായം അടിയന്തിരമായി നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ കാണേണ്ടിവരുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News