നവജാത ശിശുവിനു പിറകെ മാതാവും മരിച്ചു; കരുനാഗപ്പള്ളി വലിയത്ത് ഹോസ്പിറ്റലിനെതിരേ ജനരോഷം ശക്തമാവുന്നു
അത്യാസന്ന നിലയിലായ യുവതിയെ കൊണ്ടുപോകാന്‍ പുറത്ത് ആംബുലന്‍സ് അടക്കം സജ്ജീകരിച്ച് നിര്‍ത്തിയെങ്കിലും ബില്‍ അടക്കാതെ കൊണ്ടു പോകാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതര്‍.
കൊല്ലം: കരുനാഗപ്പള്ളി വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതിയുടെ കുഞ്ഞും ദിവസങ്ങള്‍ക്കകം യുവതിയും മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. തൊടിയൂര്‍ മുഴങ്ങോടി പേരൊലില്‍ നിസാറിന്റെ മകളും മൈനാഗപ്പള്ളിയില്‍ അനൂര്‍കാവില്‍ സുധീറിന്റെ ഭാര്യയും ആയ നജ്മയാണ് വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രസവത്തിന് എത്തിയതിനു ശേഷം മരിച്ചത്. 29 ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് പ്രസവ വേദനയെ തുടര്‍ന്ന് നജ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ടുമണിയോടെ ഡോക്ടറെത്തുന്നതുവരെ യുവതിക്ക് കാര്യമായ പരിചരണമൊന്നും ലഭിച്ചിരുന്നില്ല. അതിനു ശേഷവും യുവതിക്ക് വേദന സഹിക്കാതായതോടെ സിസേറിയന്‍ ചെയ്യണമെന്ന് കൂടെയുണ്ടായിരുന്ന മാതാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ക്കറിയാം എന്ത് ചെയ്യണമെന്ന് എന്നു പറഞ്ഞ് മാതാവിനെ ഡ്യൂട്ടി നഴസുമാര്‍ ശാസിച്ചതായും പറയുന്നു. പിന്നീട് 30 ന് വെളുപ്പിന് നാലുണിയോടെയാണ് യുവതിയെ പ്രസവത്തിനായി കയറ്റിയത്.
കുറച്ചു സമയത്തിനകം പുറത്തുവന്ന ഡോകടര്‍ പ്രസവത്തിനിടയില്‍ നജ്മക്ക് അപസ്മാരം വന്നതായും മറ്റെതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും മാതാവിനോടു പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ഉള്‍പ്പടെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. കോവിഡ് ആയതിനാല്‍ ബന്ധുക്കളാരും ആശുപത്രിയില്‍ നില്‍ക്കരുത് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാതാന് നൂര്‍ജഹാന്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇവരുടെ പക്കല്‍ ആശുപത്രി ബില്ലായ 14840 രൂപ അടക്കാന്‍ പണമില്ലാതിരുന്നു. അത്യാസന്ന നിലയിലായ യുവതിയെ കൊണ്ടുപോകാന്‍ പുറത്ത് ആംബുലന്‍സ് അടക്കം സജ്ജീകരിച്ച് നിര്‍ത്തിയെങ്കിലും ബില്‍ അടക്കാതെ കൊണ്ടു പോകാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതര്‍. വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞ് പണവുമായി എത്താന്‍ അരമണിക്കൂറിലേറെ സമയം എടുത്തു. ആശുപത്രിയിലെ മുഴുവന്‍ തുകയും അടച്ചതിന് ശേഷം മാത്രമാണ് യുവതിയെ കൊണ്ടു പോകാന്‍ അനുവദിച്ചത്.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെത്തിയ ശേഷമാണ് കുഞ്ഞിനെ മരണപ്പെട്ട അവസ്ഥയില്‍ പുറത്തെടുത്തത്. ഒരു മണിക്കൂര്‍ മുന്‍പ് എത്തിയിരുന്നെങ്കില്‍ കുഞ്ഞിനെയും മാതാവിനെയും രക്ഷപ്പടുത്താനാവുമായിരുന്നു എന്ന് എസ്എടിയിലെ ഡോക്ടര്‍ പറഞ്ഞതായി നജ്മുടെ ബന്ധു റൂബി പറഞ്ഞു. അബോധാവസ്ഥയിലായ യുവതിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയും കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതുവരെ യുവതിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതോടെ ശനിയാഴ്ച്ച് രാത്രി വെന്റിലേറ്റര്‍ മാറ്റുകയായിരുന്നു. ഇതോടെ മരണം സ്ഥിരീകരിച്ചു.
നീണ്ട നാളുകള്‍ക്ക് ശേഷം ഗര്‍ഭിണിയായ യുവതിക്ക് മികച്ച ചികിത്സ ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് വലിയത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതെന്നും എന്നാല്‍ ചികില്‍സാ പിഴവുകാരണം കുഞ്ഞിനെയും യുവതിയെയും തങ്ങള്‍ക്ക് നഷ്ടപ്പെട്ടതായുംബന്ധുക്കള്‍ പറയുന്നു. വലിയത്ത് ഹോസ്പിറ്റലില്‍ ഇത്തരം അനാസ്ഥ മൂലം മുന്‍പും രോഗികള്‍ മരണപ്പെടുകയും ഗുരുതരാവസ്ഥയിലാകുകയും സംഭവിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം രക്തസമ്മര്‍ദ്ദം മൂര്‍ഛിച്ച് വലിയത്ത് ആശുപത്രിയിലെത്തിച്ചയാളെ ജീവനക്കാര്‍ പരിശോധനക്ക് കൊണ്ടുപോകുന്നതിനിടെ സ്‌ട്രേക്ചറില്‍ നിന്നും വീണ് തലയോട്ടി പൊട്ടിയ സംഭവം ഉണ്ടായിരുന്നു. തലയോട്ടി ഇളക്കി മാറ്റി ശസ്ത്രക്രിയ നടത്തിയെങ്കിലും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് രോഗി ഇപ്പോഴുമുള്ളത്. മുന്‍പ് ചവറയിലെ യുവതിയും നവജാത ശിശുവും ഇതേ ആശുപത്രിയില്‍ പ്രസവത്തിതിനിടെ മരിച്ചിരുന്നു. ഈ സംഭവങ്ങളിലെല്ലാം നാട്ടുകാര്‍ പരാതി നല്‍കാറുണ്ടെങ്കിലും ആശുപത്രി ഉടമകളുടെ രാഷ്ട്രീയ സ്വാധിനം കാരണം നടപടിയുണ്ടാകാറില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
യുവതിയുടെയും നവജാത ശിശുവിന്റെയും മരണത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ ഡോക്ടര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമെതിരെ കകൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ്ഡിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.