തിരുവനന്തപുരത്ത് ലഹരിക്ക് അടിമയായ മകനെ കൊന്നത് അമ്മ; ഒരുവര്‍ഷത്തിന് ശേഷം അറസ്റ്റ്
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 20 കാരനായ സിദ്ദിഖിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്നിന് അടിമയായിരുന്ന സിദ്ദിഖ് കുടുംബത്തിന് നിരന്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുന്‍പ് നടന്ന കുറ്റകൃത്യമാണ് കൊലപാതകമാണെന്ന് തെളിഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 20 കാരനായ സിദ്ദിഖിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആദ്യഘട്ടത്തില്‍ ആത്മഹത്യയാണെന്ന് നിഗമനത്തിലായിരുന്നു പോലിസ്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണവും ഫോറന്‍സിക് പരിശോധനാ ഫലവും കൊലപാതകത്തിലേക്കുള്ള സൂചന നല്‍കുകയായിരുന്നു.
തൂങ്ങിമരണമാണെന്നായിരുന്നു സിദ്ദിഖിന്റെ അമ്മയും സഹോദരിയും പോലിസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സിദ്ദീഖിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി.തുടര്‍ന്ന് നാദിറയെ പോലിസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മകന്‍ ലഹരിക്ക് അടിമയാണെന്നും തന്നെയും മകളെയും നിരന്തരം ഉപദ്രവിച്ചിരുന്നതായി നാദിറ പോലിസിന് മൊഴി നല്‍കി.സഹോദരിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെ സംഭവിച്ച് പോയതാണെന്നാണ് അമ്മ നാദിറ പോലിസിനോട് പറഞ്ഞത്.
നാദിറ വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മയക്കുമരുന്നിന് അടിമയായ സിദ്ദിഖ് കുടുംബത്തിന് നിരന്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നെന്നും, അമ്മയെയും സഹോദരിയെയും നിരന്തരം മര്‍ദിക്കാറുണ്ടെന്ന് വിഴിഞ്ഞം പോലിസ് പറഞ്ഞു. കൊലപാതകം മനപൂര്‍വ്വം പദ്ധതിയൊരുക്കി നടപ്പിലാക്കിയതല്ലെന്ന നിഗമനത്തിലാണ് പോലിസ് എന്നാണ് സൂചന. അതേസമയം കുറ്റകൃത്യം ഒളിച്ചുവെച്ചതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടന്നേക്കും. സാഹചര്യ തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷിച്ചത്.