മുംബൈയെ കേന്ദ്ര ഭരണപ്രദേശമാക്കാന്‍ നീക്കം; ദേവേന്ദ്ര ഫഡ്‌നാവിസിനെതിരേ ശിവസേന

Update: 2022-05-01 15:30 GMT

മുംബൈ: പ്രതിപക്ഷനേതാവും മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ദേവേന്ദ്ര ഫഡ്‌നാവിസ് മുംബൈയെ കേന്ദ്ര ഭരണപ്രദേശമാക്കാന്‍ ഗുഢാലോചന നടത്തുന്നതായി ശിവസേനയുടെ ആരോപണം. സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശിവസേന ബിജെപി നേതാവിനെതിരേ ഗുരുതരമായ ആരോപണം ഉയര്‍ത്തിയത്. ശിവസേനയുടെ മുഖപത്രമാണ് സാമ്‌ന.

ഫഡ്‌നാവിസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മുന്നില്‍ അത്തരമൊരു പദ്ധതി മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് ശിവസേന ആരോപിക്കുന്നത്.

മുംബൈയെ മഹാരാഷ്ട്രയില്‍ നിന്ന് വേര്‍പെടുത്താനുള്ള ഗൂഢാലോചന ഇന്നും അവസാനിച്ചിട്ടില്ല. ദേവേന്ദ്ര ഫഡ്‌നാവിസിനും മഹാരാഷ്ട്ര ബിജെപിക്കും ഇതിനെക്കുറിച്ച് പൂര്‍ണ്ണമായി അറിയാം- എഡിറ്റോറിയലില്‍ പറയുന്നു.

ഇതുസംബന്ധിച്ച ഒരു പ്രസന്റേഷന്‍ ഫഡ്‌നാവിസ് തയ്യാറാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍നിന്ന് മുംബൈയെ വിഭജിക്കാനാണ് ശ്രമം. ആ പദ്ധതി ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. വിക്രാന്ത് കുംഭകോണത്തിലെ പ്രതികളും ഫഡ്‌നാവിസിന്റെ മറാത്തേതര ബില്‍ഡര്‍മാരുമാണ് അതിനുപിന്നില്‍. മഹാരാഷ്ട്ര ദിനം ആചരിക്കുന്ന അതേസമയത്ത് മുംബൈയെ മഹാരാഷ്ട്രയില്‍നിന്ന് വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.

ഇത്തരം ഗൂഢാലോചന നടക്കുന്നതായി സേനയുടെ എംപിയായ സഞ്ജയ് റാവത്ത് കഴിഞ്ഞ ആഴ്ച ബിജെപി നേതാവ് കിരിത് സോമയ്യയെ പേരില്‍ ആരോപിച്ചിരുന്നു. ശിവസേനയുടെ മുംബൈക്കു മുകളിലുള്ള സ്വാധീനം കുറക്കാനാണ് ശ്രമമെന്നാണ് ശിവസേന പറയുന്നത്.

മുബൈയില്‍ മറാത്തക്കാരുടെ എണ്ണം കുറഞ്ഞെന്നും അതുകൊണ്ട് കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സോമയ്യ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും ശിവസേന ആരോപിക്കുന്നു.

Tags:    

Similar News