കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മോയിൻകുട്ടി വൈദ്യർ അക്കാദമിക്ക് യുഎഇ യിൽ ഉപകേന്ദ്രം

Update: 2022-12-03 13:22 GMT

ദുബയ്: കേരള സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയ്ക്ക് യുഎഇയിൽ ഉപകേന്ദ്രം സ്ഥാപിക്കുമെന്ന് അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അറിയിച്ചു. ഇതോടെ അക്കാദമിയുടെ കീഴിലുള്ള പ്രവർത്തനങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കാനാണ് ഉദ്ദേശ്യം .. ഉപ കേന്ദ്രത്തിന്റെ മേൽ നോട്ടത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ ഓഫ് മാപ്പിള ആർട്സ് തുടങ്ങും. ഇവിടെ മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഒപ്പന, വട്ടപ്പാട്ട്, കോൽ ക്കളി, അറബി മലയാളം എന്നിവയിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കും. ഉപകേന്ദ്രത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താനും പാട്രൺ. ഭാരവാഹികൾ എന്നിവരെ തിരഞ്ഞെടുക്കാനും സമിതിയെ നിയോഗിച്ചു. എൻ കെ കുഞ്ഞുമുഹമ്മദ്, ശംസുദ്ദീൻ നെല്ലറ, ഡോ . അബ്ബാസ് പനക്കൽ ,അബ്ദുൽ അസിസ് എം , ടി ജമാലുദ്ദീൻ, പി എം അബ്ദുറഷീദ് തുടങ്ങിയവരാണ് ഭാരവാഹികൾ.

ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയുമായി സഹകരിച്ചു കൊണ്ട് മലബാറുമായി ബന്ധപ്പെട്ട കൈയെഴുത്തു പ്രതികളുടെ സംരക്ഷണത്തിനും പരസ്പര കൈ മാറ്റത്തിനുമുള്ള പദ്ധതിയും അക്കാദമിയുടെ കീഴിൽ ആരംഭിക്കുന്നുണ്ട്. ഇതിനുള്ള പ്രാരംഭ ചർച്ചകൾ അക്കാദമിക്കു വേണ്ടി ഇംഗ്ലണ്ടിലെ സറി സർവകലാശാലയിലെ ഡോ. അബ്ബാസ് പനക്കൽ ബ്രിട്ടീഷ് ലൈബ്രറിയുമായി ധാരണയിലെത്തി. ഇതിന്റെ ഗുണ ഫലങ്ങൾ പ്രവാസിക്കുകൾക്ക് കൂടി ലഭ്യമാക്കും.

കലാ- സാഹിത്യ രംഗത്ത് പ്രവാസികൾക്ക് മികച്ച പരിശീലനം നൽകി അക്കാദമി നേരിട്ട് പരീക്ഷ നടത്തി കേരള സർക്കാരിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകും. യുഎഇ യിലെ സ്കൂൾ കുട്ടികൾക്കും മാപ്പിള കലകളിൽ പരിശീലനം നൽകാൻ പദ്ധതിയുണ്ടാക്കും. ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം അടുത്ത ഫെബ്രുവരിയിൽ നടത്തും.

Tags:    

Similar News