പൗരത്വ ഭേദഗതി നിയമത്തില്‍ എതിര്‍പ്പ്; ബിജെപി കൗണ്‍സിലര്‍ രാജിവച്ചു
പൗരത്വ ഭേദഗതി നിയമം ഒരു മതവിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ മാത്രം ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഉസ്മാന്‍ പട്ടേല്‍ രാജിവച്ചത്. ബിജെപി വിദ്വേഷ രാഷ്ട്രീയം കളിക്കുകയാണെന്ന് ഉസ്മാന്‍ പട്ടേല്‍ ആരോപിച്ചു.
ഇന്‍ഡോര്‍: രാജ്യ വ്യാപകമായി പ്രതിഷേധത്തിന് കാരണമായ പൗരത്വ ഭേദഗതി നിയമത്തില്‍ ബിജെപിക്കുള്ളിലെ അസ്വാരസ്യം പരസ്യമാകുന്നു. മധ്യപ്രദേശ് തലസ്ഥാനമായ ഇന്‍ഡോറിലെ ബിജെപി കൗണ്‍സിലറാണ് പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ഏറ്റവും ഒടുവില്‍ ബിജെപിയില്‍ നിന്നു രാജിവച്ചത്. പൗരത്വ ഭേദഗതി നിയമം ഒരു മതവിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ മാത്രം ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഉസ്മാന്‍ പട്ടേല്‍ രാജിവച്ചത്. ബിജെപി വിദ്വേഷ രാഷ്ട്രീയം കളിക്കുകയാണെന്ന് ഉസ്മാന്‍ പട്ടേല്‍ ആരോപിച്ചു. ഖജ്‌റാന പ്രദേശത്തെ മുനിസിപ്പല്‍ കൗണ്‍സിലറായ ഉസ്മാന്‍ ബിജെപി സിറ്റി പ്രസിഡന്റ് ഗോപികൃഷ്ണയ്ക്ക് രാജി സമര്‍പ്പിച്ചു.
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് നിയമപരമായ കാര്യങ്ങള്‍ മനസിലാക്കി. അഭിഭാഷകരുമായി ഇതേ കുറിച്ച് സംസാരിച്ചു. പൗരത്വ ഭേദഗതി നിയമം മുസ്‌ലിം സമുദായത്തിനു എതിരാണെന്ന് വ്യക്തമായി. അതിനാലാണ് ഇപ്പോള്‍ രാജിവയ്ക്കുന്നതെന്നും ഉസ്മാന്‍ പട്ടേല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു താന്‍ രാജിവയ്ക്കുകയാണെന്ന് ഉസ്മാന്‍ പട്ടേല്‍ പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാന്‍ പട്ടേലിനൊപ്പം ചില പാര്‍ട്ടി അംഗങ്ങളും രാജിവച്ചിട്ടുണ്ട്. നേരത്തെ, പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഇന്‍ഡോറില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു. നൂറുക്കണക്കിനു പ്രവര്‍ത്തകരാണ് ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്നു രാജിവച്ചത്. പൗരത്വ ഭേദഗതി നിയമം മുസ്‌ലിങ്ങള്‍ക്കെതിരാണെന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ രാജി.