എം പി വീരേന്ദ്രകുമാര്‍ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുജ്ജ്വല നേതാവ്: മുല്ലപ്പള്ളി രാമചന്ദ്രന്‍
വീരേന്ദ്രകുമാറിന്റെ പ്രൗഢമായ ഗ്രന്ഥങ്ങള്‍ മലയാള ഭാഷക്ക് മുതല്‍ കൂട്ടാണ്.
കോഴിക്കോട്: കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുജ്ജ്വല നേതാവായിരുന്നു എം പി വീരേന്ദ്രകുമാറെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുസ്മരിച്ചു. കഴിഞ്ഞ നാല് ദശാബ്ദ കാലം അടുത്ത ആത്മബന്ധം പുലര്‍ത്താനും ഹൃദയം പങ്കുവെക്കാനും കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരന്‍ എന്നതിലുപരി എഴുത്തുകാരന്‍, വാഗ്മി, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. വീരേന്ദ്രകുമാറിന്റെ പ്രൗഢമായ ഗ്രന്ഥങ്ങള്‍ മലയാള ഭാഷക്ക് മുതല്‍ കൂട്ടാണ്. ധൈഷണിക രംഗത്തെ വെട്ടിത്തിളങ്ങുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
പാരിസ്ഥിതിക വിഷയത്തില്‍ അവഗാഹ പൂര്‍വ്വം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ നേതാവും കേരളത്തിലില്ല. മാതൃഭൂമി പത്രത്തെ ഉയരങ്ങളിലേക്ക് നയിച്ച കരുത്തനായിരുന്നു അദ്ദേഹം. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ സ്ഥിരമായി ആഭ്യന്തര മന്ത്രാലയത്തില്‍ എത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നത് ഓര്‍ക്കുന്നു. സംഭാഷണ പ്രിയനായ അദ്ദേഹവുമായി ചിലവഴിക്കുന്ന ഓരോ നിമിഷവും വിജ്ഞാന പ്രഥമാണ്. പരന്ന വായനയുടെ പിന്‍ബലമുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ ആവേശം പകരുന്നതാണെന്ന് പറയാതെ വയ്യ. എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് മാത്രമല്ല പൊതുരംഗത്തിനും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും മുല്ലപ്പള്ളി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.