മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135 അടിയില്‍; പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135 അടിയിലെത്തി. ജലനിരപ്പ് അപ്പര്‍ റൂള്‍ ലവലിലെത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ തുറന്നേക്കും. മഴ തുടരുന്നതിനാല്‍ പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. റൂള്‍ കര്‍വ് പ്രകാരം ജൂലൈ 19 വരെ 136.30 അടിയായി ജലനിരപ്പ് ക്രമീകരിക്കും. മഞ്ചുമല വില്ലേജ് ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
ആവശ്യമായ മുന്‍കരുതലുകള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടതായ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് മഞ്ചുമല വില്ലേജ് ഓഫിസ് ആസ്ഥാനമായി 24ത7 അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുള്ളത്. (ഫോണ്‍ നമ്പര്‍ 04869253362, മൊബൈല്‍ 8547612910) അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പുകള്‍ ഇടുക്കി ജില്ലയില്‍ നിലനില്‍ക്കുന്നുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ജൂലൈ 10 മുതല്‍ 19 വരെ തിയ്യതികളില്‍ അപ്പര്‍ ബൗണ്ടറി ലെവല്‍ 136.30 അടിയായി നിജപ്പെടുത്തിയിട്ടുള്ളതാണ്. തുടര്‍ന്ന് ജൂലൈ 20 മുതല്‍ 30 വരെ തിയ്യതികളില്‍ 136.60 അടിയിലേക്ക് അപ്പര്‍ ബൌണ്ടറി ലെവല്‍ എത്തിച്ചേരും. ഈ കാലയളവില്‍ ജലനിരപ്പ് അപ്പര്‍ ബൗണ്ടറി ലെവല്‍ എത്തിയാല്‍ ഡാമിന്റെ സ്പില്‍വേയിലൂടെ തമിഴ്‌നാട് ഭാഗത്തുനിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നതിന് സാധ്യത ഉള്ളതിനാല്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
അതേസമയം, 2365.80 അടി ആണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. 2369.95 അടിയെത്തിയാല്‍ ബ്ലൂ അലര്‍ട്ടും 2375.95 അടിയെത്തിയാല്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിക്കും. 2376.95 അടിയാണ് റെഡ് അലര്‍ട്ടിന് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഡാം തുറന്നുവിടുന്നതിനുള്ള നടപടികളിലേക്ക് അധികൃതര്‍ കടക്കും.