മുല്ലപ്പെരിയാര്‍:കക്ഷി ചേരാന്‍ ഡീന്‍ കുര്യാക്കോസ് എംപി സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി
സേവ് കേരള ബ്രിഗേഡ് നല്‍കിയ കേസില്‍ കക്ഷി ചേരാനാണ് ഡീന്‍ കുര്യാക്കോസ് അപേക്ഷ നല്‍കിയത്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കക്ഷി ചേരാന്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് സുപ്രിംകോടതിയെ സമീപിച്ചു. സേവ് കേരള ബ്രിഗേഡ് നല്‍കിയ കേസില്‍ കക്ഷി ചേരാനാണ് ഡീന്‍ കുര്യാക്കോസ് അപേക്ഷ നല്‍കിയത്.അണകെട്ട് തകര്‍ന്നേക്കാമെന്ന ആശങ്കകള്‍ സാങ്കല്‍പ്പികമാണെന്ന് കരുതി ആര്‍ക്കും ഒഴിഞ്ഞ് മാറാനാകില്ലെന്നും, അണക്കെട്ടിന്റെ കാലാവധി നിശ്ചയിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈനയിലെ ബാന്‍ക്വിയോ അണകെട്ട് തകര്‍ന്നപ്പോള്‍ ഉണ്ടയായതിനെക്കാളും പത്ത് ഇരട്ടിയിലധികം മരണമായിരിക്കും മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഉണ്ടാകുകയെന്നും ഡീന്‍ കുര്യാക്കോസ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസുകള്‍ അടുത്തയാഴ്ച അന്തിമ വാദം കേള്‍ക്കാനിരിക്കെയാണ് അപേക്ഷ സമര്‍പ്പിച്ചത്.അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി പി എസ്സാണ് അപേക്ഷ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്‍ജിനീയര്‍മാര്‍ നിര്‍ദ്ദേശിച്ച ആയുസ് 50 വര്‍ഷമാണ്. എന്നാലിപ്പോള്‍ ഇതിന്റെ ഇരട്ടിയിലധികം വര്‍ഷം പിന്നിട്ടു കഴിഞ്ഞു. അതിനാല്‍ അണക്കെട്ടിന്റെ കാലവധി നിര്‍ണയിക്കാന്‍ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണം. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ താഴെയുള്ള നാല് അണക്കെട്ടുകള്‍ കൂടി തകരുമെന്നും ഒരു മണിക്കൂറിനുള്ളില്‍ വെള്ളം അറബിക്കടലില്‍ എത്തുമെന്നും അപേക്ഷയിലുണ്ട്. ഹിരോഷിമയിലെ ആറ്റംബോംബ് സ്‌ഫോടനത്തെക്കാന്‍ 180 മടങ്ങ് ശക്തി ഉണ്ടാകുമെന്നും ഇത് താഴ് ഭാഗത്തെ പതിനായിരക്കണക്കിനും അളുകളുടെ ജീവന് ഭീഷണിയാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മഴക്കാലത്ത് ജലനിരപ്പ് 130 അടിയിലേക്ക് താഴ്ത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ ജോധ്പൂര്‍ ജില്ലയില്‍118 വര്‍ഷം പഴക്കമുണ്ടായിരുന്ന ജസ്വന്ത് സാഗര്‍ ഡാം 2007 ല്‍ തകര്‍ന്നതുമൂലം ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ ഡാം സുരക്ഷാ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമായിട്ടും ജസ്വന്ത് സാഗര്‍ അണക്കെട്ടിന്റെ തകര്‍ച്ച തടയാന്‍ കഴിഞ്ഞിട്ടില്ലന്നും ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടുന്നു.
അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഒഴുകുന്ന ഭാഗത്ത് ജനങ്ങള്‍ ജീവിക്കുന്നത് ഭയത്തോടെയാണ്. തികച്ചും ദൂരബലമായ അണക്കെട്ടാണ് മുല്ലപെരിയാര്‍. അണകെട്ട് ഡീകമ്മീഷന്‍ ചെയ്യുന്നത് തമിഴ് നാട്ടിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളെ ബാധിക്കില്ലന്നും പുതിയ അണക്കെട്ട് പണിത ശേഷവും തമിഴ് നാട്ടിന് ജലം നല്‍കാന്‍ തയ്യാറാന്നെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.