മുംബൈ: മുബൈയില്‍ വരും മണിക്കൂറുകളില്‍ കനത്ത തോതില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് മാസത്തില്‍ 46 വര്‍ഷത്തിനടയില്‍ ഉണ്ടാകുന്ന ഏറ്റവും ശക്തമായ മഴയാണ് വരാനിരിക്കുന്നത്. ഇന്ന് രാവിലെ എട്ട് മണിക്ക് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. മഴയോടൊപ്പം മണിക്കൂറില്‍ 107 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുമുണ്ട്. മഴ കനത്തതോടെ സബര്‍ബന്‍ ട്രയിന്‍ സര്‍വീസുകളും ബസ് സര്‍വീസുകളും നിര്‍ത്തിവച്ചു. അവശ്യവസ്തുക്കള്‍ ഒഴിച്ചുള്ള എല്ലാ വില്പനശാലകളും അടച്ചു. മഴ വീണ്ടും ശക്തിപ്പെടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൗരന്മാര്‍ വീട്ടില്‍ നിന്ന് പുറത്തുപോകരുതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിര്‍ദേശിച്ചു.
ഇന്ന് രാവിലെ കൊളാബയില്‍ കനത്ത മഴയാണ് ലഭിച്ചത്. ഈ പ്രദേശത്ത് നിലവില്‍ 333.8 എംഎം മഴ ലഭിച്ചു.
ആഗസ്റ്റ് മാസത്തില്‍ മൊത്തം ലഭിക്കേണ്ട മഴയുടെ 64 ശതമാനത്തോളം കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ പെയ്തുതീര്‍ന്നു. വീണ്ടും മഴ കനക്കാനിരിക്കുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.