കൊവിഡ് 19: കെട്ടിടം സീല്‍ ചെയ്യുന്നതിന് മുംബൈയില്‍ പുതിയ മാര്‍ഗനിര്‍ദേങ്ങള്‍ പുറപ്പെടുവിച്ചു
മുംബൈ: കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന കെട്ടിടങ്ങള്‍ അടച്ചുപൂട്ടുന്നതിനുള്ള നിര്‍ദേശങ്ങളില്‍ അയവ് വരുത്തി ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി). പുതുക്കിയ ഉത്തരവനുസരിച്ച് ഒരു അപാര്‍ട്ട്‌മെന്റിലോ സൊസൈറ്റി കെട്ടിടത്തിലോ പുതിയ കൊവിഡ് 19 കേസ് കണ്ടെത്തിയാല്‍, മുഴുവന്‍ കെട്ടിടവും സീല്‍ ചെയ്യേണ്ടതില്ല, പകരം ആ നില മാത്രം അടച്ചിട്ടാല്‍ മതി. ഇതുവരെ കൊവിഡ് കേസുകള്‍ കണ്ടെത്തിയ കെട്ടിടങ്ങള്‍ അപ്പാടെ അടച്ചുപൂട്ടുകയായിരുന്നു ചെയ്തിരുന്നത്. ഇത് സര്‍ക്കാരിന്റെ ബാധ്യത വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് പുതിയ നടപടി.
'പോസിറ്റീവ് രോഗലക്ഷണമുള്ള രോഗിയെ അവരുടെ കഴിവനുസരിച്ച് സ്വകാര്യ അല്ലെങ്കില്‍ പൊതു ചികില്‍സാ സംവിധാനത്തിലേക്ക് മാറ്റും. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ പോസിറ്റീവ് രോഗികളെ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വീട്ടില്‍ തന്നെ ക്വാറന്റീന്‍ ചെയ്യും. വീട്ടില്‍ അതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാവണം, മാത്രമല്ല, ഒരു സെല്‍ഫ് ഡിക്ലറേഷന്‍ എഴുതി നല്‍കുകയും വേണം.'' ഉത്തരവില്‍ പറയുന്നു.
മാസ്‌കുകള്‍ ധരിക്കണമെന്നും കെട്ടിടത്തിനുള്ളില്‍ എല്ലാ അംഗങ്ങളും സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവിലുണ്ട്. അതിനുള്ള നടപടികള്‍ അപാര്‍ട്ട്‌മെന്റിന്റെ അധികാരികള്‍ കൈകൊള്ളണം. ആവശ്യമെങ്കില്‍ സുരക്ഷാസേനയെ വിന്യസിപ്പിക്കും. സൊസൈറ്റി കെട്ടിടങ്ങളിലെ വീടുകളില്‍ വീട്ടുജോലിക്കാര്‍, കച്ചവടക്കാര്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് പ്രവേശനമില്ല. ഇത്തരം സാധനങ്ങള്‍ ലഭിക്കാന്‍ സമീപത്തുള്ള പ്രദേശിക കച്ചവടക്കാരും മരുന്നുവ്യാപാരികളുമായി യോജിച്ച് സംവിധാനമൊരുക്കണം. വീടുകളില്‍ കഴിയുന്ന രോഗലക്ഷണമില്ലാത്ത ക്വാറന്റീന്‍ ചെയ്യപ്പെട്ട രോഗികള്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡിക്കല്‍ പ്രൊഫഷണലുകളായ താമസക്കാരോട് വിവേചനം കാണിക്കരുതെന്ന് എല്ലാ അപാര്‍ട്ട്‌മെന്റ് താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.
മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 2,033 പുതിയ കൊറോണ കേസുകളും 51 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 35,058 ആയി. ഇതില്‍ ആക്റ്റീവ് കേസുകള്‍ 25,392. മരിച്ചവര്‍ 1,249.
മുംബൈയില്‍ മാത്രം ഇന്നലെ 1,185 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 21,152 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച 23 പേര്‍ മരിച്ചു. ആകെ മരിച്ചവര്‍ 757.