മുംബൈയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി ആറ് ശതമാനം

Update: 2022-06-01 14:23 GMT

മുംബൈ: ഒരിടവേളയ്ക്കുശേഷം മുംബൈയില്‍ വീണ്ടും കൊവിഡ് ആശങ്ക ഉയരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തുകയാണ്. നഗരത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുംബൈയില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ പരിശോധന ഉടന്‍ വര്‍ധിപ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ടെസ്റ്റിങ് ലാബുകളോട് ജീവനക്കാരുമായി പൂര്‍ണസജ്ജരായിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മണ്‍സൂണ്‍ കാലമായതിനാല്‍ രോഗലക്ഷണ കേസുകളില്‍ അതിവേഗം വര്‍ധനവുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കോര്‍പറേഷന്‍ മുന്നറിയിപ്പ് നല്‍കി. 12-18 വയസ് പ്രായത്തിലുള്ള വാക്‌സിനേഷന്‍ ഡ്രൈവ്, ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവ ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനമുണ്ടാവാനുള്ള സാധ്യത മുന്നല്‍കണ്ട് ജംബോ ഫീല്‍ഡ് ഹോസ്പിറ്റലുകളില്‍ ആവശ്യത്തിന് ജീവനക്കാരും ജാഗ്രതയും പുലര്‍ത്തണം.

സ്വകാര്യാശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഡ് വാര്‍ റൂമുകളുടെ സ്ഥിതി അവലോകനം ചെയ്യുന്നതിനും അവയില്‍ പൂര്‍ണമായും സ്റ്റാഫും മെഡിക്കല്‍ ടീമുകളും ആംബുലന്‍സുകളുമുണ്ടെന്ന് ഉറപ്പാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ മലാഡിലെ ജംബോ ആശുപത്രിയാണ് മുന്‍ഗണനാക്രമത്തില്‍ ഉപയോഗിക്കേണ്ടത്.

മുംബൈയില്‍ 506 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഫെബ്രുവരി 6 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന എണ്ണമാണിത്- (536 കേസുകള്‍). ഈ വര്‍ഷം ഏപ്രിലില്‍ റിപോര്‍ട്ട് ചെയ്ത കേസുകളെ അപേക്ഷിച്ച് മെയ് മാസത്തില്‍ റിപോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 100 ശതമാനത്തിലധികം വര്‍ധനവാണ് മുംബൈയിലുണ്ടായിരിക്കുന്നത്.

Tags:    

Similar News