പയ്യോളി: കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും ഉറവിടമറിയാത്ത കൊറോണ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നഗരസഭാതല ആര്‍ ആര്‍ ടി യോഗം തീരുമാനിച്ചു. പയ്യോളിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും, മാര്‍ക്കറ്റുകളും പോലിസും നഗരസഭയും ആരോഗ്യ വകുപ്പും ഉള്‍പ്പെടുന്ന സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയും കൃത്യമായ അകലം പാലിക്കാതെ ആളുകളെ പ്രവേശിപ്പിക്കുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. നഗരസഭയിലെ എല്ലാ വാര്‍ഡ് ആര്‍ ആര്‍ ടികളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തും. മരണവീടുകളിലെ നിയന്ത്രണം കര്‍ശനമായി പാലിക്കും. വിവാഹം, ഗൃഹപ്രവേശം, മറ്റ് ചടങ്ങുകളും നടത്തുന്നത് കര്‍ശനമായി നിരീക്ഷിക്കും. എല്ലാ തട്ടുകടകളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും. കൊവിഡ് 19 പ്രോട്ടോകോള്‍ പാലിക്കാത്ത തട്ടുകടകള്‍ അടയ്ക്കും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കും.
നഗരസഭ ഓഫിസില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. വളരെ അത്യാവശ്വ കാര്യങ്ങള്‍ക്കേ ആളുകള്‍ ഓഫീസില്‍ എത്തേണ്ടതുള്ളൂ. താപ പരിശോധന നടത്തിയേ ഓഫീസില്‍ പ്രവേശിപ്പിക്കുകയുള്ളൂ. ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി സേവനം നല്‍കും. ഫോണിലൂടെ മാത്രമേ അന്വേഷണം അനുവദിക്കുകയുള്ളൂ. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊവിഡ് കണ്‍ട്രോള്‍ റൂം സജ്ജമാക്കും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ച് കൊണ്ട് മോണിറ്ററിംഗ് നടത്തും.
ആര്‍ ആര്‍ ടി യോഗത്തിന് ശേഷം അടിയന്തിര സ്റ്റാഫ് മീറ്റിംഗ് ചേര്‍ന്നു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ടി ഉഷ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.വി ചന്ദ്രന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.വി സമീറ, ഉഷ വളപ്പില്‍, കെ .ടി ലിഖേഷ്, സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുള്‍ ബാരി, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മനോഹരന്‍, ജയപ്രകാശ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഇ.കെ. ജീവരാജ്, ടി.പി .പ്രജീഷ് കുമാര്‍, വിജയന്‍, അശോകന്‍ സംസാരിച്ചു.