മദ്യലഹരിയില്‍ അമ്മയുടെ സഹോദരിയെ കൊല്ലാന്‍ ശ്രമിച്ചു; സഹോദരനെ ജ്യേഷ്ഠന്‍ വെട്ടിക്കൊലപ്പെടുത്തി

മറയൂര്‍: ഇടുക്കി മറയൂരില്‍ മദ്യലഹരിയില്‍ അമ്മയുടെ സഹോദരിയെ കൊല്ലാന്‍ ശ്രമിച്ചയാളെ സഹോദരന്‍ വെട്ടിക്കൊന്നു. മറയൂര്‍ ചെറുവാട് സ്വദേശിയായ ജഗന്‍ ആണ് കൊല്ലപ്പെട്ടത്. ജഗന്റെ സഹോദരന്‍ അരുണിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് വൈകിട്ട് 7.30ഓടെയായിരുന്നു സംഭവം. ജഗനും അരുണും ഉള്‍പ്പെടുന്ന കുടുംബം ചെറുകാട് ഉന്നതിയിലായിരുന്നു നേരത്തെ താമസിച്ചിരുന്നത്. ഇവിടെവെച്ച് ജഗന്‍ സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുകയും ആളുകളുമായി വഴക്കിടുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പ്രദേശവാസികള്‍ വലിയതോതില്‍ പരാതി ഉയര്‍ത്തിയതോടെയാണ് കുടുംബം മറയൂരിന് സമീപം ഇന്ദിരാനഗറിലെ അവരുടെ സ്വന്തം സ്ഥലത്തേക്ക് മാറിയത്. മദ്യലഹരിയില്‍ ജഗന്‍ അമ്മയുടെ സഹോദരിയെ വെട്ടുകത്തിയുമായി ചെന്ന് ആക്രമിച്ചു. ഈ ഘട്ടത്തിലാണ് അരുണ്‍, ജഗനെ വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം. ജഗന്റെ മൃതദേഹം മറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
PHOTO: JAGAN, ARUN