നിലമ്പൂരിലെ പാരമ്പര്യവൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്റെ ഭാര്യ അറസ്റ്റില്‍
ഫസ്‌നയ്ക്കു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവു നശിപ്പിക്കാന്‍ മറ്റു പ്രതികളെ സഹായിച്ചെന്നും പോലിസ് പറയുന്നു
മലപ്പുറം:നിലമ്പൂരിലെ പാരമ്പര്യവൈദ്യന്‍ ഷാബാ ഷരീഫിനെ വധിച്ച കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌നയെ നിലമ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഫസ്‌നയ്ക്കു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവു നശിപ്പിക്കാന്‍ മറ്റു പ്രതികളെ സഹായിച്ചെന്നും പോലിസ് പറയുന്നു.
കേസില്‍ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫ്, മൃതദേഹം പുഴയിലെറിയാല്‍ സഹായിച്ച വയനാട് സ്വദേശികളായ ഷിഹാബുദ്ദീന്‍, നൗഷാദ്, നിലമ്പൂര്‍ സ്വദേശി നിഷാദ് എന്നിവരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യം മനസ്സിലാക്കുന്നതിനായി, ഷാബാ ഷരീഫിനെ ഷൈബിന്‍ അഷ്‌റഫും സംഘവും 2019 ഓഗസ്റ്റിലാണ് തട്ടികൊണ്ട് വന്നത്.തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചങ്ങലയില്‍ കെട്ടിയിട്ടു പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു.ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് 2020 ഒക്ടോബറിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം നുറുക്കി കഷണങ്ങളാക്കി ചാലിയാറില്‍ തള്ളുകയായിരുന്നു.
2022 ഏപ്രിലില്‍ കൂട്ടുപ്രതികള്‍ വയനാട്ടില്‍നിന്നു നിലമ്പൂരിലെ ഷൈബിന്റെ വീട്ടിലെത്തി അയാളെ ബന്ദിയാക്കി പണവും ലാപ്‌ടോപും കവര്‍ന്നു. ഇതിനെതിരെ ഷൈബിന്‍ പോലിസില്‍ പരാതി നല്‍കിയതോടെയാണു സംഭവം പുറത്തായത്. കവര്‍ച്ചകേസിലെ പ്രതികളായ മൂന്നു പേര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്‍പിലെത്തുകയും ഷൈബിന്റെ പരാതിയില്‍ പ്രതിഷേധിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. ഇവരെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു കൊലപാതകരഹസ്യം പുറത്തറിഞ്ഞത്.ഷാബാ ഷരീഫിന്റേതു കൂടാതെ രണ്ടു കൊലപാതകങ്ങള്‍ കൂടി ഷൈബിന്‍ നടത്തിയിട്ടുണ്ടെന്നാണു കൂട്ടുപ്രതികള്‍ പോലിസില്‍ മൊഴി നല്‍കിയിരുന്നു.