കേരളത്തില്‍ നിന്ന് പഠിക്കണം; രാജസ്ഥാന്‍ 11.5 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസ് പാഴാക്കിക്കളഞ്ഞതായി കേന്ദ്ര മന്ത്രി
ജയ്പൂര്‍: രാജസ്ഥാന്‍ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ പാഴാക്കിക്കളയുന്നതായി കേന്ദ്ര മന്ത്രി. കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിങ് ഷേഖാവത്താണ് ആരോപണവുമായി രംഗത്തുവന്നത്. അദ്ദേഹത്തിന്റെ കണക്കില്‍ രാജസ്ഥാന്‍ 11.5 ലക്ഷം ഡോസ് വാക്‌സിന്‍ പാഴാക്കിക്കളഞ്ഞു. ഇക്കാര്യത്തില്‍ രാജസ്ഥാന്‍ കേരളത്തെ മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ വാക്‌സിന്‍ കണക്കില്‍ കൂടുതല്‍ പാഴാക്കുന്നുവെന്ന വാര്‍ത്ത രാജസ്ഥാന്‍ സര്‍ക്കാര്‍ നിഷേധിച്ചു. രാജസ്ഥാന്റെ പാഴാക്കല്‍ നിരക്ക് 2 ശതമാനമാണെന്നും ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് ഇതെന്നും ആരോഗ്യ സെക്രട്ടറി അഖില്‍ അറോറ പറഞ്ഞു. ദേശീയ ശരാശരി ആറ് ശതമാനമാണ്. അനുവദനീയമായ നിരക്ക് 10 ശതമാനവുമാണ്.
വാക്‌സിന്‍ പാഴാക്കിക്കളയുകയും മാലിന്യക്കൂമ്പാരത്തില്‍ കണ്ടെന്നുമുള്ള വാര്‍ത്തകള്‍ ചില പത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. വാര്‍ത്ത നിഷേധിച്ചെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കലക്ടര്‍മാര്‍ക്ക് ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കി.
വാക്‌സിനേഷന്റെ കാര്യത്തില്‍ കേരളം മാതൃകാപരമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും വളരെ കുറച്ച് ഡോസ് വാക്‌സിനാണ് പാഴാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷന്‍ പദ്ധതിയില്‍ രാജസ്ഥാന്‍ പരാജയമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.