മുതലപ്പൊഴി ബോട്ടപകടം; തിരച്ചില്‍ ഇന്നും തുടരും

Update: 2022-09-10 03:53 GMT

തിരുവനന്തപുരം: വിഴിഞ്ഞം അഞ്ചുതെങ്ങ് മുതലപ്പൊഴി മല്‍സ്യബന്ധന തുറമുഖ കേന്ദ്രത്തിനു സമീപമുണ്ടായ ബോട്ടപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. മുഹമ്മദ് മുസ്തഫ (16), രാമന്തളി സ്വദേശി അബ്ദുല്‍ സമദ് (50)എന്നിവരെയാണ് ഇനി കണ്ടെത്തേണ്ടത്. കോസ്റ്റല്‍ പോലിസിന്റെ നേതൃത്വത്തിലായിരിക്കും തിരച്ചില്‍. വിഴിഞ്ഞം അടിമലത്തുറ തീരത്തുനിന്ന് ഇന്നലെ തകര്‍ന്ന ബോട്ടിന്റെ ഉടമയുമായ കഹാറിന്റെ മകന്‍ ഉസ്മാന്റെ (19) മൃതദേഹം കണ്ടെടുത്തിരുന്നു.

ഉച്ചയോടെയാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച ഒരു മൃതദേഹം വിഴിഞ്ഞം പനത്തുറ ഭാഗത്തുനിന്ന് കണ്ടെടുത്തെങ്കിലും ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് കാണാതായ സമദിന്റേതാണ് എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, പിന്നീട് ബന്ധുക്കളെത്തി ഇത് സമദിന്റെ മൃതദേഹമല്ലെന്ന് വ്യക്തമാക്കി. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പോലിസ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് ദിവസമായി അപകടം നടന്ന സ്ഥലത്ത് കോസ്റ്റ് ഗാര്‍ഡും നാവികസേനയും മല്‍സ്യത്തൊഴിലാളികളും പോലിസും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മുതലപ്പൊഴിയില്‍ നിന്ന് 23 പേരുമായി മല്‍സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെടുന്നത്. കരയിലേക്ക് തിരിച്ചുവരുന്നതിനിടെ സഫാ മര്‍വ എന്ന ബോട്ടാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്.

Tags:    

Similar News