വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെകുറിച്ച് കൃത്യമായ പരാമര്‍ശമില്ല; മുട്ടില്‍ മരംമുറി അന്വേഷണ റിപോര്‍ട്ട് എഡിജിപി മടക്കി

ഓരോരുത്തരുടെ പങ്കും പ്രത്യേകം അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സന്തോഷ് കുമാറിന് എഡിജിപി ശ്രീജിത്ത് നിര്‍ദേശം നല്‍കി

Update: 2022-02-14 11:15 GMT

തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസില്‍ അന്വേഷണം സംഘം സമര്‍പ്പിച്ച റിപോര്‍ട്ട് മടക്കി. എഡിജിപി ശ്രീജിത്താണ് റിപോര്‍ട്ട് മടക്കിയത്. മരം മുറിയില്‍ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെ കുറിച്ച് കൃത്യമായി പറയുന്നില്ല. ഡിഎഫ്ഒ രജ്ഞിത്ത്, മുന്‍ റെയ്ഞ്ച് ഓഫിസര്‍ ബാബുരാജ് എന്നിവര്‍ക്കെതിരായ കണ്ടെത്തലിലും കൃത്യതയില്ല. ക്രമക്കേട് കണ്ടെത്തിയ റെയ്ഞ്ച് ഓഫിസര്‍ ഷെമീറിനെതിരെ പ്രതികള്‍ ഉന്നയിച്ച ആരോപണങ്ങളും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓരോരുത്തരുടെ പങ്കും പ്രത്യേകം അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സന്തോഷ് കുമാറിന് എഡിജിപി ശ്രീജിത്ത് നിര്‍ദേശം നല്‍കി.

കേസുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് വിവാദമായിരുന്നു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്. ചെക്ക് പോസ്റ്റില്‍ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനാണ് ഇവരെ നേരത്തെ സസ്‌പെന്റ് ചെയ്തത്. മുട്ടില്‍ മരം മുറി കേസിലെ തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ ഇറക്കിയ ഉത്തരവ് വനം മന്ത്രി മരവിപ്പിച്ചതാണ് കീഴ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു.

Tags:    

Similar News