ഗസയിലെ യുദ്ധക്കുറ്റം: ആയിരത്തിലധികം ഇസ്രായേലി സൈനികരുടെ വിവരങ്ങള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സമര്‍പ്പിച്ചു
ബ്രസല്‍സ്: ഗസയില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ആയിരത്തില്‍ അധികം ഇസ്രായേലി സൈനികരുടെ പേരുവിവരങ്ങള്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സമര്‍പ്പിച്ചു. ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദ് റജബ് ഫൗണ്ടേഷനാണ് യുദ്ധക്കുറ്റത്തിന്റെ തെളിവുകള്‍ അടക്കം സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ലബ്‌നാനിലും സിറിയയിലും യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ഇസ്രായേലി സൈനികരുടെ ചിത്രങ്ങളും വീഡിയോകളും മറ്റൊരു സത്യവാങ്മൂലത്തിന്റെ ഭാഗമായി ചേര്‍ത്തിട്ടുമുണ്ട്. ഇവര്‍ക്കെതിരേ കേസ് എടുത്ത് വിചാരണ ചെയ്യണമെന്നാണ് ആവശ്യം.
സൈനികര്‍ക്കെതിരേ കേസ് കൊടുത്ത ഹിന്ദ് റജബ് ഫൗണ്ടേഷന്‍ ഭാരവാഹി ദയാബ് അബൂ ജഹ്ജായെ കൊലപ്പെടുത്തണമെന്നാണ് ഇസ്രായേല്‍ പ്രവാസികാര്യമന്ത്രി അമിച്ചായ് ചിക്ക്‌ലി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. എന്നാല്‍, ഇസ്രായേലി മന്ത്രിയുടെ ഭീഷണിയൊന്നും തന്നോട് വിലപ്പോവില്ലെന്ന് ദയാബ് പറഞ്ഞു.
ദയാബ്
'' ഇസ്രായേലി യുദ്ധക്കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അതിന്റെ പ്രത്യാഘാതങ്ങളും എനിക്ക് അറിയാമായിരുന്നു. ഒരു പിതാവ്, ഭര്‍ത്താവ്, അധ്യാപകന്‍ എന്നീ നിലകളില്‍ ഈ തീരുമാനം എളുപ്പമുള്ള ഒന്നായിരുന്നില്ല. എന്റെ തീരുമാനങ്ങള്‍ക്ക് മാറ്റമില്ല.'-ലബ്‌നാന്‍ പൗരന്‍ കൂടിയായ ദയാബ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.