ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ സമീപനം അപകടകരം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
പരപ്പനങ്ങാടി: ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ സമീപനം അപകടകരമാണെന്നും ഇത്തരം നിലപാട് ഫാഷിസ്റ്റുകള്‍ക്ക് സഹായകരമായി വര്‍ത്തിക്കുമൊന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. 'ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല' എന്ന തലക്കെട്ടില്‍ ഈ മാസം 10 മുതല്‍ 31 വരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണങ്ങളുടെ മലപുറം ജില്ലാതല ഉദ്ഘാടനം പരപ്പനങ്ങാടിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒന്‍പത് പതിറ്റാണ്ടിലധികമായി രാജ്യത്ത് കലാപങ്ങളും തല്ലിക്കൊലകളും സ്‌ഫോടനങ്ങളും ബലാല്‍സംഗങ്ങളും ആരാധനാലയ ധ്വംസനങ്ങളും നടത്തി തേര്‍വാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്.
ആര്‍എസ്എസ്സും ഫാഷിസ്റ്റ് സംഘടനകളും. അറുതിയില്ലാത്ത അക്രമങ്ങളില്‍ പൊറുതിമുട്ടിയ ജനത തെരുവുകളില്‍ ആര്‍എസ്എസ് ഭീകരതയെ തുറന്നു കാണിക്കാന്‍ തീരുമാനിച്ചതോടെ അക്രമികളെയും ഇരകളെയും സമീകരിക്കുന്ന വഞ്ചനാപരമായ നിലപാടുകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ മല്‍സരിച്ചു രംഗത്തുവന്നിരിക്കുകയാണ്.
കേരളത്തില്‍ നിരവധി നിരപരാധികള്‍ ആര്‍എസ്എസ് കൊലക്കത്തിക്കിരയായപ്പോഴൊന്നും സാമ്പ്രദായിക പാര്‍ട്ടികള്‍ രംഗത്തുവന്നില്ല. എന്നാല്‍ ആര്‍എസ്എസ്സിനെതിരേ ജനാധിപത്യപോരാട്ടം ശക്തമായപ്പോള്‍ സമീകരണവുമായി സിപിഎം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ ബിജെപി അക്രമങ്ങളില്‍ നിസ്സംഗത പാലിക്കുമ്പോള്‍ അണികള്‍ തെരുവുകളില്‍ പ്രതിരോധവുമായി വരുമെന്നതിന്റെ തെളിവാണ് പേരാമ്പ്രയില്‍ നടന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ: സി.എച്ച്.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി സ്വാഗതം പറഞ്ഞു., ജില്ല നേതാക്കളായ ഷരീഖാന്‍ മാസ്റ്റര്‍, എ.കെ.അബ്ദുല്‍ മജീദ്, മുര്‍ഷിദ് പാണ്ടിക്കാട്, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി ഉസ്മാന്‍ ഹാജി സംസാരിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് പ്രവര്‍ത്തകര്‍പങ്കെടുത്ത ബഹജനറാലിയും സംഘടിപ്പിച്ചിരുന്നു. ബഹുജനറാലിക്ക് സിദ്ധീഖ് കെ, അബ്ദുല്‍ സലാം കെ, വാസു തറയിലൊടി, സൈതലവി കോയ, ഇല്യാസ് ചിറമംഗലം നേതൃത്വം നല്‍കി.