വിമാനത്താവളം അദാനിക്ക് കൈമാറിയത് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മൂവാറ്റുപുഴ അഷറഫ് മൗലവി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് കോര്‍പ്പറേറ്റ് ഭീമന്‍ അദാനിക്ക് പാട്ടത്തിനു നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി.
ജനങ്ങളുടെ പണം കൊണ്ട് നിര്‍മിച്ച പൊതുസ്വത്ത് ബി.ജെ.പിയുടെ ഇഷ്ടക്കാരന് 50 വര്‍ഷത്തേയ്ക്ക് പാട്ടത്തിനു നല്‍കുന്നത് കോര്‍പ്പറേറ്റ് ദാസ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി വിമാനത്താവളം നടത്തിപ്പിന് തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് അദാനി ഗ്രൂപ്പിനെ കേന്ദ്രം ടെന്‍ഡറിന് പരിഗണിച്ചത്. അദാനി ഗ്രൂപ്പ് മുന്നോട്ടുവെച്ച തുകയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടു പോലും കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയില്ല.
സുപ്രിംകോടതി നിര്‍ദേശപ്രകാരം കേരളാ ഹൈക്കോടതി അന്തിമ തീരുമാനമെടുക്കാന്‍ നടപടികള്‍ ആരംഭിച്ചിരിക്കേ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം നീതിന്യായ വ്യവസ്ഥിതിയോടുള്ള അവിശ്വാസമാണ് വ്യക്തമാക്കുന്നത്. ഇനി വിമാനത്താവള നിയമനമുള്‍പ്പെടെ അദാനിയായിരിക്കും തീരുമാനിക്കുന്നത്. രാജ്യത്തെ സ്ഥിരം തൊഴിലുകളും നിയമനങ്ങളിലെ സംവരണങ്ങളും എന്നന്നേക്കുമായി ഇല്ലാതാക്കാനാണ് ബിജെപി ശ്രമം. രാജ്യത്തെ ജനങ്ങളെ ഏതുവിധേനയും കൊള്ളയടിച്ച് കോര്‍പ്പറേറ്റുകളുടെ ആസ്തി വര്‍ധിപ്പിക്കുക എന്നതു മാത്രമായിരിക്കുന്നു മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മൂവാറ്റുപുഴ അഷറഫ് മൗലവി കുറ്റപ്പെടുത്തി.