നബന്ന ചലൊ: സുവേന്ദു അധികാരിയെ കസ്റ്റഡിയിലെടുത്തു, മമത ബംഗാളിനെ വടക്കന്‍ കൊറിയയാക്കുന്നുവെന്ന് ബിജെപി

Update: 2022-09-13 11:20 GMT

കൊല്‍ക്കത്ത: ബംഗാള്‍ സെക്രട്ടേറിയറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനു മുന്നോടിയായി ബിജെപി നേതാവ് സുവേന്ദു അധികാരിയെ കൊല്‍ക്കത്ത പോലിസ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിനു പുറമെ രാഹുല്‍ സിന്‍ഹയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

നബന്ന ചലോ അഭിയാന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതിനിടയിലാണ് ബിജെപി നേതാക്കളെ കൊല്‍ക്കത്തയിലെ ഹേസ്റ്റിംഗ്‌സില്‍ തടഞ്ഞുവച്ചത്. അധികാരിയെയും രാഹുല്‍ സിന്‍ഹയെയും ലാല്‍ബസാറിലെ കൊല്‍ക്കത്ത പോലിസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടുവെന്നും മമത പശ്ചിമ ബംഗാളിനെ ഉത്തര കൊറിയയാക്കി മാറ്റിയെന്നും സുവേന്ദു അധികാരി കുറ്റപ്പെടുത്തി.

'മുഖ്യമന്ത്രി മമതയ്ക്ക് ജനങ്ങളുടെ പിന്തുണയില്ല, അതിനാല്‍ അവര്‍ ബംഗാളിലും ഉത്തരകൊറിയക്ക് സമാനമായി ഏകാധിപത്യം നടപ്പാക്കുകയാണ്. ഇതിനൊക്കെ ഭരണാധികാരികള്‍ വിലനല്‍കേണ്ടിവരും.'- അധികാരി പറഞ്ഞു.

ബിജെപിയുടെ നബന്ന ചലോ മാര്‍ച്ചിന് മുന്നോടിയായി കൊല്‍ക്കത്തയിലെ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സെക്രട്ടേറിയറ്റിന് സമീപമുള്ള ഹേസ്റ്റിംഗ്‌സില്‍ കൊല്‍ക്കത്ത പോലിസ് കനത്ത ബാരിക്കേഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

നബന്ന ചലോ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ ബസുകള്‍ നോര്‍ത്ത് 24 പര്‍ഗാനാസില്‍ പൊലിസ് തടഞ്ഞു. ചൊവ്വാഴ്ച നബന്ന അഭിയാനില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലേക്ക് പോകുന്നതിനിടെ റാണിഗഞ്ച് റെയില്‍വേ സ്‌റ്റേഷന് പുറത്ത് ഇന്ന് രാവിലെ ബിജെപി പ്രവര്‍ത്തകരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

നബന്ന ചലോ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്ക് പോകുന്ന പ്രവര്‍ത്തകരെ പോലിസ് തടഞ്ഞതിനെത്തുടര്‍ന്ന് ബോള്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

20 പ്രവര്‍ത്തകരെ ദുര്‍ഗാപൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം പോലിസ് തടഞ്ഞു.

Tags:    

Similar News