കൊല്‍ക്കത്ത: മോമിന്‍പൂരിലെ അക്രമത്തിന്റെയും ഏക്ബല്‍പൂര്‍ പോലിസ് സ്‌റ്റേഷന്‍ കൊള്ളയടിച്ചതിന്റെയും പശ്ചാത്തലത്തില്‍ കേന്ദ്ര സേനയെ വിന്യസിപ്പിക്കണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഗവര്‍ണര്‍ ലാ ഗണേശനുമാണ് സുവേന്ദു അധികാരി ഇതുസംബന്ധിച്ച കത്തയച്ചത്.
ലക്ഷ്മി പൂജയുടെ തലേന്ന് കൊല്‍ക്കത്തയിലെ ഖിദിര്‍പോര്‍ മോമിന്‍പൂര്‍ പ്രദേശത്ത് ഹിന്ദു സമൂഹം ആക്രമിക്കപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് കൂടിയായ അധികാരി തന്റെ കത്തില്‍ എഴുതിയിട്ടുണ്ട്. അക്രമത്തില്‍ ഹിന്ദുക്കളുടെ നിരവധി കടകളും ബൈക്കുകളും അക്രമിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഹൗറ ജില്ലയിലെ ഉലുബേരിയ മേഖലയില്‍ ജൂണില്‍ നടന്ന പഞ്ചല അക്രമവുമായി ഈ ആക്രമണത്തിന് സാമ്യമുണ്ട്. അക്കാലത്ത് നാദിയ, മുര്‍ഷിദാബാദ് ജില്ലകളിലും ആക്രമണം നടന്നു. ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനമഴിച്ചുവിട്ട അധികാരി അക്രമത്തിനുമുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയെന്നും കുറ്റപ്പെടുത്തി.
'ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരായതിനാല്‍ ഇത്തവണയും അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുമെന്ന് ഉറപ്പാണ്. അക്രമങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപിക്കുകയും ജീവനും സ്വത്തും നഷ്ടപ്പെടുകയും ചെയ്‌തേക്കാമെന്ന് ഞാന്‍ ഭയപ്പെടുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ അധികാരത്തിലെത്തിയ ശേഷം ബിജെപി സംസ്ഥാന സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.