കെനിയ: ആഡംബര ഹോട്ടലിന് നേരെ അല്‍ശബാബ് ആക്രമണം
സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
നെയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ആഡംബര ഹോട്ടലിനു നേരെ അല്‍ശബാബ് പോരാളികളുടെ ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക സമയം വൈകീട്ട് മൂന്നോടെയാണ് ആക്രമണമുണ്ടായത്. വെസ്റ്റ്‌ലാന്‍ഡ്‌സ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഡുസിട്ട്ഡി2 ഹോട്ടല്‍ സമുച്ചയത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഹോട്ടലും ഓഫിസുകളും വീടുകളും ഉള്‍കൊള്ളുന്ന സമുച്ചയത്തില്‍നിന്നു വെടിയൊച്ചകളും സ്‌ഫോടന ശബ്ദവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കാറിലെത്തിയ സായുധസംഘം കാവല്‍ക്കാരെ വെടിവെച്ചു വീഴ്ത്തുകയും കാര്‍ പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുകയും ചെയ്തതിനു ശേഷമാണ് അല്‍ശബാബ് പോരാളികള്‍ ഹോട്ടലിലേക്ക് പ്രവേശിച്ചത്. തൊട്ടുപിന്നാലെ പോലിസ് സംഭവസ്ഥലത്തേക്കെത്തി. സോമാലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ശബാബ് പോരാളികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാല്‍, വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല.101 മുറികളുള്ള പഞ്ച നക്ഷത്ര ഹോട്ടലാണ് ഡുസിട്ട്ഡി2. സോമാലിയയില്‍ നടക്കുന്ന അല്‍ശബാബിനെതിരേയുള്ള സൈനിക സഖ്യത്തിലെ പ്രധാനപങ്കാളിയാണ് കെനിയ.