നേമത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എല്‍ഡിഎഫിന് അനുകൂലമായെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം: നേമത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എല്‍ഡിഎഫിന് അനുകൂലമായെന്ന് കെ മുരളീധരന്‍. സ്ഥാനാര്‍ഥിയായി നേമത്ത് വരുമ്പോള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. എല്ലാവരും യുഡിഎഫിനെ സഹായിക്കാന്‍ തയ്യാറായിരുന്നു. ബിജെപി സ്വാധീനമേഖലകളില്‍ നല്ല മുന്നേറ്റമുണ്ടായി. എന്നാല്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം പ്രതീക്ഷിച്ച പോലെ ഉണ്ടായില്ല. ബിജെപി കേന്ദ്രങ്ങളില്‍ പ്ലസ് ആയപ്പോള്‍ ന്യൂനപക്ഷ മേഖലകളില്‍ മൈനസായി. എസ്ഡിപിഐ പോലുള്ള സംഘടനകളെ ഉപയോഗിച്ച് മുരളീധരന് ഹിന്ദുവോട്ടുകള്‍ ലഭിക്കില്ല എന്നു പ്രചരിപ്പിച്ചു. ഒരു സംഘടയെയും പേരെടുത്തു പറയാന്‍ ആഗ്രഹിച്ചതല്ല. എസ്ഡിപിഐ തന്നെ പറഞ്ഞത് അവരുടെ 10000 വോട്ടുകള്‍ സിപിഎമ്മിന് മറിച്ച് നല്‍കി എന്നാണ്. നേമത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എല്‍ഡിഎഫിന് അനുകൂലമായി എന്നും കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേമത്ത് 2016ല്‍ സിപിഎമ്മിന് ലഭിച്ച വോട്ടില്‍ ഇക്കുറി 3305 വോട്ടുകള്‍ കുറഞ്ഞു. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 15925 വോട്ടു കുറഞ്ഞു. എന്നാല്‍ ഇക്കുറി കോണ്‍ഗ്രസിന് 2016 നേക്കാള്‍ 22664 വോട്ടുകള്‍ അധികം ലഭിച്ചു. അതിനാല്‍ നേമത്ത് വോട്ടുകളുടെ മെച്ചം ലഭിച്ചത് കോണ്‍ഗ്രസിനാണ്. നേമത്തേക്ക് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് ഏല്‍പ്പിച്ചത്. ഒന്ന് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുക, രണ്ട് ബിജെപിയെ പരാജയപ്പെടുത്തുക. ഇതില്‍ ആദ്യത്തേത് നടന്നു, രണ്ടാമത്തേത് നടന്നില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് മേല്‍ക്കൈ ഉള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം നടത്താനായി. ഈ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് എതിരായി, പരമ്പരാഗത വോട്ടുകള്‍ എന്തുകൊണ്ടു നഷ്ടടപ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. ആ വിഭാഗങ്ങള്‍ക്കുണ്ടായിട്ടുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
10 കൊല്ലം അധികാരമില്ലാതിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പഞ്ചാബില്‍ ഉള്‍പ്പെടെ നിരവധി പ്രാവശ്യം അധികാരത്തില്‍ നിന്ന് ദീര്‍ഘകാലം മാറി നിന്നിട്ടും കോണ്‍ഗ്രസ് അവിടങ്ങളില്‍ അധികാരത്തില്‍ തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു.