നാരദ ഒളികാമറ ഓപറേഷന്‍; തൃണമൂല്‍ മന്ത്രിമാരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു; മമത സിബിഐ ഓഫിസിലെത്തി
കൊല്‍ക്കത്ത: തൃണമൂല്‍ നേതാക്കളായ മന്ത്രിരാരെ ചോദ്യം ചെയ്യുന്നതിനുവേണ്ടി സിബിഐ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മുഖ്യമന്ത്രി മമതാ ബാനര്‍ജി സിബിഐ ഓഫിസിലെത്തി. തൃണമൂല്‍ നേതാക്കളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതറിഞ്ഞ് എത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും സിബിഐ ഓഫിസിനുമുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയപ്രചോദിതമായ നീക്കമാണെന്ന് മമതയും തൃണമൂല്‍ നേതാക്കളും ആരോപിച്ചു.
നാരദ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ട നാരദ ഒളികാമറ ഓപറേഷനുമായി ബന്ധപ്പെട്ടാണ് തൃണമൂല്‍ നേതാക്കളായ ഫിര്‍ഹദ് ഹക്കിം, സുബ്രത മുഖര്‍ജി, മദന്‍ മിത്ര എന്നിവരെ അവരുടെ വീടുകളില്‍ നിന്ന് സിബിഐയുടെ കൊല്‍ക്കത്ത ഓഫിസിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. മുന്‍ കൊല്‍ക്കൊത്ത മേയര്‍ സൊവന്‍ ചാറ്റര്‍ജിയെയും വിളിച്ചുവരുത്തിയിട്ടുണ്ട്. ഫിര്‍ഹദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നിവര്‍ മമത കാബിനറ്റിലെ മന്ത്രിമാരാണ്. മദന്‍ മിത്ര എംഎല്‍എയുമാണ്.
ഒരു എംഎല്‍എയെയോ മന്ത്രിയെയോ കസ്റ്റഡിയിലെടുക്കണമെങ്കില്‍ സ്പീക്കറുടെ അനുമതി ആവശ്യമാണ്. ഇക്കാര്യത്തില്‍ അതുണ്ടായിട്ടില്ല. ഒരു അഭിഭാഷകനെന്ന നിലയില്‍ പറയുകയാണെങ്കില്‍ ഇത് നിയമവിരുദ്ധമാണെന്ന് ബംഗാല്‍ നിയമസഭാ സ്പീക്കര്‍ ബിമന്‍ ബന്ദോപാധ്യായ അഭിപ്രായപ്പെട്ടു.
സിബിഐ ഗവര്‍ണറുടെ അനുമതി തേടിയിരുന്നെങ്കിലും അനുമതിക്കുവേണ്ടി സ്പീക്കറെ സമീപിച്ചിരുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തോല്‍വിയോടുള്ള പകരംവീട്ടലാണ് നടക്കുന്നതെന്ന മമതാ ബാനര്‍ജിയും തൃണമൂല്‍ എംപി സൗഗത റോയിയും പറഞ്ഞു.
ഇതേ ടേപ്പില്‍ ഉള്‍പ്പെട്ട മുന്‍ തൃണമൂല്‍ നേതാക്കളും ഇപ്പോഴത്തെ ബിജെപി നേതാക്കളുമായ മുകുള്‍ റോയി, സുവേന്ദു അധികാരി എന്നിവര്‍ക്കെതിരേ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ചോദിച്ചു. ഈ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതുകൊണ്ടാണ് അവരെ വെറുതെവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഫിര്‍ഹദിനെയും സുബ്രത മുഖര്‍ജിയെയും മദന്‍ മിത്രയും സൊവന്‍ ചാറ്റര്‍ജിയെയും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സുഗ്ദീപ് ധന്‍ഖര്‍ അനുമതി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ രാജ്ഭവന് കൈമാറിയിരുന്നു. കസ്റ്റഡിയിലെടുത്തവര്‍ കുറ്റകൃത്യം നടക്കുന്ന സമയത്ത് ബംഗാളിലെ മന്ത്രിമാരായിരുന്നു.
2014ലാണ് മാത്യു സാമുവലിന്റെ നാരദ ചാനല്‍ ഒളി കാമറ ഓപറേഷനിലൂടെ തൃണമൂല്‍ നേതാക്കളെ കുടുക്കിയത്. നേതാക്കള്‍ പണം കൈപ്പറ്റുന്നതായിരുന്നു വീഡിയോ. ദ്യശ്യങ്ങളില്‍ ഒരു പോലിസുകാരനും ഉണ്ടായിരുന്നു.