നാരദ ഒളി കാമറാ കേസ്: തൃണമൂല്‍ നേതാക്കള്‍ക്ക് ജാമ്യം നല്‍കിയതിനെതിരേ സിബിഐ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: നാരദാ ഒളികാമറ കേസില്‍ തൃണമൂല്‍ നേതാക്കള്‍ക്ക് വീട്ടുതടങ്കല്‍ അനുവദിച്ച കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരേ സിബിഐ സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ അഞ്ചംഗം ബെഞ്ചിന്റെ വിധി നീട്ടിവയ്ക്കണമെന്നും സിബിഐ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു.
നാരദാ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട തൃണമൂല്‍ നേതാക്കള്‍ക്ക് മെയ് 21ാം തിയ്യതിയാണ് കൊല്‍ക്കൊത്ത ഹൈക്കോടതി ജാമ്യം നല്‍കി വീട്ടുതടങ്കല്‍ അനുവദിച്ചത്. ജാമ്യാപേക്ഷ കേട്ട രണ്ടംഗ ബെഞ്ച് കേസ് അഞ്ചംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണ്.
നാരദ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ട നാരദ ഒളികാമറ ഓപറേഷനുമായി ബന്ധപ്പെട്ടാണ് തൃണമൂല്‍ നേതാക്കളായ ഫിര്‍ഹദ് ഹക്കിം, സുബ്രത മുഖര്‍ജി, മദന്‍ മിത്ര എന്നിവരെ അവരുടെ വീടുകളില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്ത്. മുന്‍ കൊല്‍ക്കൊത്ത മേയര്‍ സൊവന്‍ ചാറ്റര്‍ജിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഫിര്‍ഹദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നിവര്‍ മമത കാബിനറ്റിലെ മന്ത്രിമാരാണ്. മദന്‍ മിത്ര എംഎല്‍എയുമാണ്.
മലയാളിയും നാരദ ഓണ്‍ലൈന്‍ ചാനലിന്റെ ഉടമയുമായ മാത്യു സാമുവലാണ് തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന ഒരു ഒളികാമറാ ദൃശ്യം പുറത്തുവിട്ടത്. ഒരു കമ്പനിക്ക് ചില ആവശ്യങ്ങള്‍ നടത്താന്‍ വേണ്ടിയാണ് അവര്‍ കമ്പനിയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ തെഹല്‍ക്കക്കുവേണ്ടിയാണ് 2014ല്‍ ഈ ഒളികാമറ ഓപറേഷന്‍ നടത്തിയത്. പക്ഷേ, 2016ലാണ് ഇത് പുറത്തുവന്നത്. 52 മണിക്കൂറുള്ള ടാപ്പില്‍ തൃണമൂല്‍ നേതാക്കളായ മദന്‍ മിത്ര, മുകുള്‍ റായി, എസ്എംഎച്ച് മിശ്ര സുബ്രത മുഖര്‍ജി, ഫിര്‍ഹദ് ഹക്കിം, സുഗുത റോയി, കകോളി ഘോഷ് ദസ്തിദാര്‍, പ്രസൂന്‍ ബാനര്‍ജി, സുവേന്ദു അധികാരി, സുല്‍ത്താന്‍ അഹ്‌മദ് എന്നിവരുമുണ്ടായിരുന്നു. 2016 ജൂണില്‍ ഈ കേസില്‍ കൊല്‍ക്കത്ത പോലിസ് അന്വേഷണം ആരംഭിച്ചു. പിന്നീട് കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയില്‍ കേസ് സിബിഐക്ക് വിട്ടു.
എന്നാല്‍ ഇതേ കേസില്‍ ഉള്‍പ്പെട്ട ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയോ അവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല.