മൂന്ന് വയസുകാരനെ രക്ഷിച്ച ധീരത: ദേശീയ ധീരതാ അവാര്‍ഡ് നേട്ടത്തില്‍ തൃശൂരിന്റെ എയ്ഞ്ചല്‍
തൃശൂര്‍: ദേശീയ ധീരതാ അവാര്‍ഡില്‍ ഇടം പിടിച്ച് തൃശൂര്‍ ജില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ കുട്ടികളുടെ ദേശീയ ധീരതാ അവാര്‍ഡിന്റെ ഭാഗമായത് തൃശൂരിലെ എയ്ഞ്ചല്‍ മരിയ ജോണ്‍ ആണ്. 2021 ലെ കുട്ടികളുടെ ദേശീയ ധീരതാ അവാര്‍ഡിന് സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത അഞ്ച് കുട്ടികളില്‍ ഒരാളാണ് എയ്ഞ്ചല്‍.
കനാലില്‍ അകപ്പെട്ട മൂന്ന് വയസുകാരനെ രക്ഷിച്ചതാണ് രാമവര്‍മ്മപുരം മണ്ണത്തു ജോയ് എബ്രഹാമിന്റെയും മിഥിലയുടെയും മകള്‍ എയ്ഞ്ചലിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. തൃശൂര്‍ ദേവമാതാ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
6-18 വയസിനിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ശിശുക്ഷേമ സമിതിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ധീരത പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടവരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് ആദരിച്ചു. സംസ്ഥാന തലത്തില്‍ നടന്ന ശിശുദിന സാഹിത്യ രചന മത്സരങ്ങളില്‍ ജില്ലയില്‍ നിന്ന് പങ്കെടുത്ത ഒമ്പത് പേര്‍ക്ക് ചടങ്ങില്‍ മന്ത്രി അവാര്‍ഡുകള്‍ നല്‍കി. തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ കഥാ, കവിത, ഉപന്യാസ രചനാ മത്സര വിജയികള്‍ക്കാണ് മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തത്.