കണ്ണൂര്‍: ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ചാമ്പ്യന്‍മാരായ കേരള വോളിബോള്‍ പുരുഷ-വനിത ടീമുകള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്വീകരണം നല്‍കി. കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസില്‍ എത്തിയ താരങ്ങളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജനപ്രതിനിധികളും സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളും പൂമാല ചാര്‍ത്തി സ്വീകരിച്ചു.
36 വര്‍ഷത്തിന് ശേഷമാണ് കേരള പുരുഷ ടീം ദേശീയ ഗെയിംസ് ജേതാക്കളാകുന്നത്. വനിത വിഭാഗം തുടര്‍ച്ചയായ രണ്ടാം തവണയാണ് കിരീടം നേടിയത്. കൊച്ചി ബി പി സി എല്‍ താരം അഖിന്‍ ദാസ് നയിച്ച പുരുഷ വിഭാഗം തമിഴ്നാടിനെയും കെ എസ് ഇ ബി താരം കെ എസ് ജിനി നയിച്ച വനിതകള്‍ ബംഗാളിനെയുമാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഇരു ടീമുകളുടെയും ജയം. വനിതകളെ വി അനിലും പുരുഷന്‍മാരെ എസ് മനോജുമാണ് പരിശീലിപ്പിച്ചത്.
ചടങ്ങില്‍ വി ശിവദാസന്‍ എം പി, കെ വി സുമേഷ് എം എല്‍ എ, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണ സമിതി അംഗം പി പി ബിനീഷ്, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ എം എ നിക്കോളാസ്, കായിക പരിശീലകരായ ഇ കെ രഞ്ജന്‍, ജിനി വര്‍ഗീസ്, യു ആര്‍ അഭയന്‍, കെ പ്രമോദന്‍, അഞ്ജു പവിത്രന്‍, സ്പോര്‍ട്സ് സ്‌കൂള്‍ വോളിബോള്‍ താരങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.