തലശ്ശേരി-മാഹി ബൈപ്പാസിലെ ടോൾ ഉയർത്തി ദേശീയപാത അതോറിറ്റി

Update: 2024-06-11 08:57 GMT

തലശ്ശേരി-മാഹി ബൈപ്പാസില്‍ ടോള്‍ ദേശീയപാത അതോറിറ്റി കൂട്ടി. കാര്‍, ജീപ്പ്, വാന്‍, എല്‍എംവി വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്കുള്ള തുക 65ല്‍ നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് 100ല്‍നിന്ന് 110 രൂപയായി. ഈ വാഹനങ്ങള്‍ക്കുള്ള പ്രതിമാസനിരക്ക് (50 യാത്രകള്‍ക്ക്) 2,195 രൂപയില്‍ നിന്ന് 2,440 രൂപയാക്കി. ഈ വാഹനങ്ങളില്‍ ജില്ലയ്ക്കകത്ത് രജിസ്റ്റര്‍ ചെയ്ത വ്യാവസായിക വാഹനങ്ങളുടെ യാത്രാനിരക്കില്‍ മാറ്റമില്ല. 35 രൂപ തന്നെയാണ് നിരക്ക്.

ടോള്‍ പ്ലാസയില്‍നിന്ന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമസ്ഥര്‍ക്കുള്ള പ്രതിമാസ നിരക്ക് 330 രൂപയില്‍നിന്ന് 340 രൂപയാക്കി ഉയര്‍ത്തി. ലൈറ്റ് കൊമേഷ്യല്‍ വെഹിക്കിള്‍ (എല്‍സിവി), ലൈറ്റ് ഗുഡ്‌സ് വെഹിക്കിള്‍ (എല്‍ജിവി), മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 120 രൂപയാണ് പുതിയ ടോള്‍ നിരക്ക്. മുമ്പ് ഇത് 105 രൂപയായിരുന്നു. ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 160ല്‍ നിന്ന് 175 രൂപയായും ടോള്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രതിമാസ യാത്രകള്‍ക്ക് 3545 രൂപയായിരുന്നത് 3940 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

ബസ്, ട്രക്ക് എന്നീ വാഹനങ്ങളുടെ ടോള്‍ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 225 രൂപയില്‍ നിന്ന് 250 രൂപയായും രണ്ട് ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 335 രൂപയില്‍ നിന്ന് 370 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. മള്‍ട്ടി ആക്‌സില്‍ വ്യവസായിക വാഹനങ്ങളുടെ ടോള്‍ 245 രൂപയില്‍ നിന്ന് 270 രൂപയായും ഇരുഭാഗങ്ങളിലേക്കുമുള്ളതിന് 365 രൂപയില്‍ നിന്ന് 405 രൂപയുമായാണ് ഉയര്‍ത്തിയിരിക്കുന്നത്.

കണ്ണൂര്‍ മുഴുപ്പിലങ്ങാട് മുതല്‍ വടകരയ്ക്ക് സമീപം അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആറ് വരിയിലാണ് ഈ ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. പരമാവധി 20 മിനിറ്റിനുള്ളില്‍ ഈ 18.6 കിലോമീറ്റര്‍ ദൂരം ഓടിയെത്താന്‍ സാധിക്കുമെന്നതാണ് പ്രധാന ഗുണം. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരിമാഹി ബൈപ്പാസ്.

മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോ മീറ്ററാണ് ആറുവരിപ്പാതയുടെ നീളം. സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ 45 മീറ്ററാണ് ആകെ വീതി. മുഴപ്പിലങ്ങാട്, ചിറക്കുനി, ബാലം, കൊളശ്ശേരി, ചോണാടം, കുട്ടിമാക്കൂല്‍, മാടപ്പീടിക, പള്ളൂര്‍, കവിയൂര്‍, മാഹിപ്പുഴ, അഴിയൂര്‍ എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നുപോവുന്നത്. പൂര്‍ണമായും ആക്‌സസ് കണ്‍ട്രോളായ റോഡാണ് ദേശീയപാത 66. സര്‍വിസ് റോഡുകളില്‍ നിന്ന് മെര്‍ജിങ് പോയിന്റുകള്‍ മാത്രമാണ് പാതയിലുണ്ടാവുക. സിഗ്‌നലുകളിലൊഴികെ പാത എവിടേയും ക്രോസ് ചെയ്യില്ല എന്നതാണ് സവിശേഷത.

എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇകെകെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണചുമതല. രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി  21ല്‍ റോഡ് തുറന്ന് കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ്, പ്രളയം എന്നിവ പ്രവൃത്തി വൈകാന്‍ ഇടയാക്കി. തലശ്ശേരിക്കടുത്ത് ബാലത്തിലെ പാലം നിര്‍മാണത്തിനിടെ തകര്‍ന്ന് ബീമുകള്‍ പുഴയില്‍ വീണതും നിര്‍മാണം വൈകാനിടയാക്കി. അയ്യായിരത്തിലേറെ തൊഴിലാളികളാണ് ദേശീയപാതയ്ക്ക് വേണ്ടി ജോലി ചെയ്തത്.

Tags:    

Similar News