ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍: മഹാരാഷ്ട്രയും തമിഴ്‌നാടും ക്വാര്‍ട്ടറില്‍; ക്വാര്‍ട്ടര്‍ ഞായറാഴ്ച
കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കോഴിക്കോട് നടന്ന മത്സരങ്ങളില്‍ തമിഴ്‌നാടിനും വെസ്റ്റ് ബംഗാളിനും ജമ്മു ആന്റ് കാശ്മീരിനും ജയം. സിക്കിമും മഹാരാഷ്ടയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ മഹാരാഷ്ട്രയും തമിഴ്‌നാടും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 2.30ന് കോര്‍പറേഷന്‍ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മഹാരാഷ്ട്ര മിസോറമിനെ നേരിടും. മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 9.30ന് റെയില്‍വേസ് ഗോവയെയും ഉച്ചയ്ക്ക് 2.30ന് ഒഡിഷ തമിഴ്‌നാടിനെയും നേരിടും. സെമിഫൈനല്‍ മത്സരങ്ങള്‍ ഏഴിനും ഫൈനല്‍ ഒമ്പതിനും കോര്‍പറേഷന്‍ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടക്കും.
വെള്ളിയാഴ്ച കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് 'ഇ' യിലെ മത്സരത്തില്‍ ജമ്മു ആന്റ് കാശ്മീര്‍ ഏകപക്ഷീയമായ ഒരു ഗോളിന് അരുണാചല്‍പ്രദേശിനെ തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ സിക്കിമും മഹാരാഷ്ടയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ഈ ഗ്രൂപ്പില്‍ നിന്ന് ഏഴ് പോയിന്റുമായാണ് മഹാരാഷ്ട്ര ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
മെഡിക്കല്‍ കോളജ് സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എച്ച്' ലെ ആദ്യ മത്സരത്തില്‍ തമിഴ്‌നാട് പഞ്ചാബിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. രണ്ടാമത്തെ കളിയില്‍ വെസ്റ്റ്ബംഗാള്‍ തെലങ്കാനയെ മറുപടിയില്ലാത്ത 20 ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സിക്കിമിനും തമിഴ്‌നാടിനും ഏഴ് പോയിന്റുകള്‍ വീതം ലഭിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ തമിഴ്‌നാട് ക്വാര്‍ട്ടറിലേക്ക് മുന്നേറി.