ഗുരുവായൂരില്‍ പാചകത്തിന് ഇനി പ്രകൃതിവാതകം: പൈപ്പിടല്‍ തുടങ്ങി
സിറ്റി ഗ്യാസ് പദ്ധതി വഴി പാചക ആവശ്യത്തിനുള്ള ദ്രവീകൃത ഇന്ധനം പൈപ്പ് ലൈന്‍ വഴി അടുക്കളയില്‍ എത്തിക്കും.
തൃശൂര്‍: ഗെയ്ല്‍ പൈപ്പ്‌ലൈന്‍ വഴി ഗുരുവായൂരില്‍ വീടുകളിലേക്ക് പ്രകൃതിവാതകം എത്തിക്കാനുള്ള ജോലികള്‍ ആരംഭിച്ചു. ഇതിന്റെ പൈപ്പിടല്‍ പ്രവര്‍ത്തികള്‍ക്ക് ഗുരുവായൂര്‍ നഗരപരിധിയില്‍ തുടക്കമായി. ചാട്ടുകുളം മുതല്‍ കോട്ടപ്പടി വരെയുള്ള ഭാഗത്താണ് ഇപ്പോള്‍ പൈപ്പ് സ്ഥാപിക്കല്‍ നടക്കുന്നത്. സിറ്റി ഗ്യാസ് പദ്ധതി വഴി പാചക ആവശ്യത്തിനുള്ള ദ്രവീകൃത ഇന്ധനം പൈപ്പ് ലൈന്‍ വഴി അടുക്കളയില്‍ എത്തിക്കും. ഡല്‍ഹി ഉള്‍പ്പടെയുള്ള വന്‍ നഗരങ്ങളില്‍ വര്‍ഷങ്ങളായി ഇത്തരത്തില്‍ പാചകവാതകം എത്തിക്കുന്നുണ്ട്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ലക്ഷക്കണക്കിനു വീടുകളിലേക്കും ഇത്തരത്തില്‍ പ്രകൃതി വാതകം നിലവില്‍ എത്തുന്നുണ്ട്.
അദാനി ഗ്യാസ് ലിമിറ്റഡ് കമ്പനിയാണ് പദ്ധതിയുടെ കരാറുകാര്‍. മണ്ണില്‍ ഒരു മീറ്റര്‍ ആഴത്തിലാണു പൈപ്പുകള്‍ കുഴിച്ചിടുന്നത്. പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് മുഴുവനായി പൊളിക്കുന്നില്ല. 400 മീറ്റര്‍ ഇടവിട്ട് കുഴിയെടുത്ത് പകല്‍ സമയങ്ങളില്‍ അതിലൂടെ ആധുനിക ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ചു തുരക്കും. രാത്രി വാഹനങ്ങളുടെ തിരക്ക് കുറവുള്ള സമയം പൈപ്പുകള്‍ സ്ഥാപിക്കും. ഇതിനാല്‍ സംസ്ഥാന പാതയില്‍ ഗതാഗതത്തിന് തടസ്സം നേരിടുന്നില്ല.
വീടുകള്‍ക്ക് പുറമേ വ്യവസായ മേഖലയിലേക്കും നഗര പ്രദേശത്തെ തന്നെ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കും പ്രകൃതി പാചക വാതക കണക്ഷനുകള്‍ ലഭ്യമാകും. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗെയില്‍ വാതക പൈപ്പ് ലൈനിന്റെ ചൊവ്വന്നൂരില്‍ സ്ഥാപിച്ചിട്ടുള്ള വാല്‍വില്‍ നിന്നാണു പദ്ധതിക്കാവശ്യമായ പ്രകൃതി വാതകം ലഭ്യമാക്കുക. പാചക ആവശ്യത്തിന് വീടുകളില്‍ സാധാരണ ഉപയോഗിക്കുന്ന എല്‍പിജിയെക്കാള്‍ അപകടസാധ്യത കുറഞ്ഞ വാതകമാണ് സിഎന്‍ജി. വായുവിനെക്കാള്‍ ഭാരം കുറവായതിനാല്‍ ചോര്‍ച്ചയുണ്ടായാല്‍ എല്‍പിജി പോലെ മുറിക്കുള്ളില്‍ തങ്ങിനില്‍ക്കാതെ മുകളിലേക്കു പോകും. എല്‍പിജിയെക്കാള്‍ വിലക്കുറവിലാണ് പ്രകൃതിവാതകം ലഭിക്കുന്നത്.