കോണ്‍ഗ്രസ് നേതൃത്വത്തെ തൃശ്ശങ്കുവിലാക്കി നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ കരുനീക്കം

Update: 2021-09-29 01:44 GMT

ഛണ്ഡീഗഢ്: അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രി പദത്തിലിരുത്തി നവ്‌ജ്യോത് സിങ് സിദ്ദുവിനെ പാര്‍ട്ടി പ്രസിഡന്റാക്കിയതോടെ അവസാനിച്ചതായി കരുതിയ പ്രതിസന്ധി രണ്ട് പേരുടെയും രാജിയോടെ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. അമരീന്ദര്‍ സിങ് ഏകദേശം രണ്ടാഴ്ച മുമ്പും നവ്‌ജ്യോത് സിങ് സിദ്ദു ചൊവ്വാഴ്ചയുമാണ് രാജിവച്ചത്. എന്നാല്‍ സിദ്ദുവിന്റെ രാജി കോണ്‍ഗ്രസ് ദേശീയ നേതൃത്വം അംഗീകരിച്ചിട്ടില്ല. കോണ്‍ഗ്രസ് ദേശീയ നേതാവ് സോണിയാ ഗാന്ധിക്ക് അയച്ച കത്ത് സിദ്ദു തന്നെയാണ് ട്വിറ്റര്‍ വഴി പുറത്തുവിട്ടത്. 

സിദ്ദുവിന്റെ രാജിപ്രശ്‌നം സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. സിദ്ദുവിന്റെ ഉപദേശകനും മുന്‍ ഡിജിപിയുമായ മുഹമ്മദ് മുസ്തഫയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് സിദ്ദു രാജി പ്രഖ്യാപിച്ചത്. പഞ്ചാബിന്റെ ഭാവിയില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറില്ലെന്നാണ് സോണിയാഗാന്ധിക്കയച്ച രാജിക്കത്തില്‍ സിദ്ദു ചൂണ്ടിക്കാട്ടിയത്.

ജൂണ്‍ 23നാണ് സിദ്ദു പിപിസിസി പ്രസിഡന്റായത്.

സിദ്ദുവിന്റെ രാജി വൈകാരികപ്രശ്‌നത്തിന്റെ പേരിലായിരുന്നെന്നും അത് അംഗീകരിച്ചിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. എല്ലാം ശരിയാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഏതാനും ചെറിയ ചില പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂവെന്നും അത് ഉടന്‍ പരിഹരിക്കുമെന്നും കോണ്‍ഗ്രസ് എംഎല്‍എ ബവ ഹെന്‍ട്രി പറഞ്ഞു.

സിദ്ദുവിന് സ്ഥിരതയില്ലെന്ന് അമരീന്ദര്‍സിങ് ട്വിറ്ററിലൂടെ പരിഹസിച്ചു.

സിദ്ദുവിന്റെ രാജി പുറത്തുവന്ന ഉടന്‍ ഏതാനും പ്രമുഖരും രാജി സമര്‍പ്പിച്ചിട്ടുണ്ട്. മുഹമ്മദ് മുസ്തഫയുടെ ഭാര്യയും മലെര്‍കോട്‌ല എംഎല്‍എയുമായ റസിയ സുല്‍ത്താനയാണ് രാജിവച്ചവരില്‍ ഒരാള്‍. പഞ്ചാബ് കോണ്‍ഗ്രസ് ഖജാന്‍ജി ഗുല്‍സാര്‍ ഇന്‍ഡര്‍ ഛഹല്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ യോഗീന്ദര്‍ ദിന്‍ഗ്രയും ഗൗതം സേത്തും രാജിവച്ചിട്ടുണ്ട്.

സിദ്ദുവുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നി അറിയിച്ചു.

പുറത്തുവന്ന വിവരമനുസരിച്ച് ഏതാനും പേരുടെ നിയമനവുമായ ബന്ധപ്പെട്ട ചില തര്‍ക്കങ്ങളാണ് രാജിക്കു പിന്നില്‍.

2018ല്‍ മണല്‍ മാഫിയയുമായുള്ള ബന്ധത്തിന്റെ പുറത്ത് രാജിവച്ച റാണ ഗുര്‍ജിത് സിങിനെ വീണ്ടും പഞ്ചാബ് മന്ത്രിസഭയില്‍ ഉല്‍പ്പെടുത്തിയതും അഡ്വക്കേറ്റ് ജനറലായി എപിഎസ് ദിയോളിനെ നിയമിച്ചതിലും സിദ്ദുവിന് എതിര്‍പ്പുണ്ട്. ദീപേന്ദര്‍ സിങ് പട്‌വാലിയയെ നിയമിക്കണമെന്നാണ് സിദ്ദുവിന്റെ താല്‍പ്പര്യം. രണ്ഡാവയെ ആഭ്യന്തരം ഏല്‍പ്പിച്ചതാണ് മറ്റൊരു പ്രശ്‌നം. സാധാരണ മുഖ്യമന്ത്രി കൈവശം വയ്ക്കാറുള്ളതാണ് ആഭ്യന്തര വകുപ്പ്. രണ്ഡാവയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കമുണ്ടായിരുന്നു. അത് പൊളിഞ്ഞതോടയാണ് സിദ്ദു ശാന്തനായത്. 

Tags:    

Similar News