അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഗാംഗാവലി പുഴയില്‍ നാവിക സേന അടിയൊഴുക്ക് പരിശോധിച്ചു
ഷിരൂര്‍: കര്‍ണാടക ഷിരൂരിലെ ഗാംഗാവലി പുഴയില്‍ അടിയൊഴുക്ക് പരിശോധിച്ച് നാവിക സേന. പുഴയുടെ അടിത്തട്ടില്‍ പരിശോധനക്ക് ഡ്രഡ്ജര്‍ എത്തിക്കുന്നതിന്റെ മുന്നോടിയായാണ് പരിശോധന. പുഴയിലെ അടിയൊഴുക്കിന്റെ നിലവിലെ സാഹചര്യം നാവിക സേന ഉത്തര കന്നഡ ജില്ലാ ഭരണ കൂടത്തിന് കൈമാറും. ഇതനുസരിച്ചാകും കര്‍ണാടക സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുക. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജറിന്റെ സഹായത്തോടെ ഉടന്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിനാണ് ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. പുഴയിലെ ഒഴുക്കും കാലാവസ്ഥയും അനുകൂലമാണെന്ന റിപോര്‍ട്ട് ജില്ലാ ഭരണകൂടം നല്‍കിയാല്‍ ഡ്രഡ്ജര്‍ എത്തിക്കുന്നതിന് മറ്റു സാങ്കേതിക തടസങ്ങളില്ല. പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 16ാം തീയതിയായിരുന്നു ഗംഗാവലി പുഴയിലെ തിരച്ചില്‍ നാവിക സേന നിര്‍ത്തിവച്ചത്.