മനസിലെ ജാതിക്കറ മാറ്റാന്‍ സാമൂഹികവിപ്ലവം അനിവാര്യം: മന്ത്രി കെ രാധാകൃഷ്ണന്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുന:പ്രസിദ്ധീകരിക്കുന്ന അംബേദ്കര്‍ സമ്പൂര്‍ണ കൃതികളുടെ ഒന്നാം വാല്യം പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഇന്ത്യന്‍ സമൂഹത്തിലെ ജാതിബോധം ഇല്ലാതാക്കാന്‍ സാമൂഹികവിപ്ലവം ആവശ്യമാണെന്ന് പട്ടികജാതിപട്ടികവര്‍ഗപിന്നാക്കക്ഷേമ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുന:പ്രസിദ്ധീകരിക്കുന്ന അംബേദ്കര്‍ സമ്പൂര്‍ണ കൃതികളുടെ ഒന്നാം വാല്യം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വികെ പ്രശാന്ത് എം.എല്‍.എ പുസ്തകം ഏറ്റുവാങ്ങി.
ജാതിവ്യവസ്ഥ രൂക്ഷമായ ഇന്ത്യയില്‍ അതിനെ കൂടുതല്‍ തീവ്രമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയെ അവകാശബോധമുള്ളവരാക്കി മാറ്റാനാണ് അംബേദ്കര്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ കൂടുതല്‍ പ്രസക്തമായ കാലത്ത് അംബേദ്കര്‍ കൃതികളുടെ പുനപ്രസിദ്ധീകരണം അഭിനന്ദനമര്‍ഹിക്കുന്നുവെന്നും അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍ പുന:പ്രസിദ്ധീകരിക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് എല്ലാ സഹായവും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അംബേദ്കര്‍ കൃതികളുടെ വില്പനയിലൂടെ ലഭിക്കുന്ന ലാഭം പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെടുന്ന ഗവേഷകര്‍ക്ക് പുസ്തകരചനയ്ക്കുള്ള ഫെല്ലോഷിപ്പിനായി വിനിയോഗിക്കുമെന്ന് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. പിഎസ് ശ്രീകല പറഞ്ഞു. മന്ത്രിയെ ഡയറക്ടര്‍ ഡോ. പിഎസ് ശ്രീകല പൊന്നാട അണിയിച്ച് ആദരിച്ചു. ആദ്യ പതിപ്പിന്റെ എഡിറ്റര്‍ വി പദ്മനാഭനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.
തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മിനി ഹാളില്‍ നടന്ന പ്രകാശനത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. പിഎസ് ശ്രീകല അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ഡോ. ജിഎസ് പ്രദീപ്, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് വില്‍പ്പന വിഭാഗം അസി. ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍, റിസര്‍ച്ച് ഓഫിസര്‍ കെആര്‍. സരിതകുമാരി, ആദ്യ പതിപ്പിന്റെ എഡിറ്റര്‍ വി പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. അംബേദ്കര്‍ സമ്പൂര്‍ണകൃതികളുടെ 40 വാല്യം പുന:പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് വാല്യം ഒന്നിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്തത്. 300രൂപയാണ് പുസ്തകത്തിന്റെ വില.