നീറ്റ് പരീക്ഷാ വിവാദം;അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി പുനപരീക്ഷ നടത്തും
തിരുവനന്തപുരം:നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി പുനപരീക്ഷ നടത്താന്‍ ദേശീയ പരീക്ഷാ ഏജന്‍സിയുടെ തീരുമാനം.സെപ്തംബര്‍ നാലിന് കുട്ടികള്‍ക്കായി പുനപരീക്ഷ നടത്തുമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചു. രാജ്യത്ത് ആറിടങ്ങളിലാണ് പരീക്ഷ വീണ്ടും നടത്താന്‍ തയ്യാറെടുക്കുന്നത്.
കൊല്ലത്ത് നടന്ന നീറ്റ് പരീക്ഷക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം വിവാദമായിരുന്നു.കൊല്ലം മാര്‍ത്തോമ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ പരീക്ഷ എഴുതിയ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് വീണ്ടും പരീക്ഷ നടത്തുന്നത്. കേരളത്തിലൊഴികെയുള്ള മറ്റ് കേന്ദ്രങ്ങളില്‍ എന്തുകൊണ്ടാണ് പരീക്ഷ വീണ്ടും എഴുതിപ്പിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല.
കൊല്ലം ആയൂരിലെ മാര്‍ത്തോമ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.അപമാനിക്കപ്പെട്ട സാഹചര്യത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.