വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം;ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ദേഹ പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെയാണ് കേസെടുത്തത്

Update: 2022-07-19 04:12 GMT

കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ, അടിവസ്ത്രം അഴിപ്പിച്ച ശേഷം പരീക്ഷ എഴുതിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലിസ്.സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ദേഹ പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെയാണ് കേസെടുത്തത്. ശൂരനാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.

ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. ഇതേ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ മറ്റൊരു വിദ്യാര്‍ഥിനിയും പരാതി നല്‍കി.അന്വേഷണത്തിന് അനുസരിച്ച് കേസില്‍ കൂടുതല്‍ പേര്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് റിപോര്‍ട്ട്. നേരത്തെ ചടയമംഗലം എസ് ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.ഇതിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന സംശയത്തില്‍ വിശദമായ അന്വേഷണം പോലിസ് നടത്തുന്നുണ്ട്.

പരീക്ഷ എഴുതാനായി വന്ന കുട്ടിയെ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞ് നിര്‍ത്തി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുകയായിരുന്നു.അടിവസ്ത്രം മുഴുവന്‍ ഊരി വയ്ക്കണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് രക്ഷിതാവ് പരാതിപ്പെട്ടിരിക്കുന്നത്.ഇത് മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ കുട്ടി പൊട്ടിക്കരഞ്ഞു എന്നും തുടര്‍ന്ന് ഉദ്യോഗസ്ഥ മോശമായി സംസാരിക്കുകയായിരുന്നു എന്നും രക്ഷിതാവ് പറഞ്ഞു.പരിശോധന നടത്തിയവരുടെ നിര്‍ബന്ധം മൂലം അടിവസ്ത്രം ഉപേക്ഷിച്ചാണ് പെണ്‍കുട്ടി ഹാളില്‍ പ്രവേശിച്ചത്. സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത് എന്ന ഉദ്യോഗസ്ഥയുടെ ചോദ്യത്തിനു മുന്നില്‍ അപമാനിതയായ കുട്ടിക്കു മാനസിക സമ്മര്‍ദം മൂലം പരീക്ഷ നന്നായി എഴുതാനായില്ലെന്നും പരാതിയില്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ആര്‍ ബിന്ദു പറഞ്ഞിരുന്നു. ഏറെ നിരുത്തരവാദപരമായ പ്രവര്‍ത്തിയാണ് നടന്നിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൊല്ലം റൂറല്‍ എസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം എന്ന് കമ്മിഷന്‍ അംഗം വി കെ ബീനാകുമാരിയാണ് ഉത്തരവിട്ടത്.

Tags:    

Similar News