ചെന്നൈയിലെ നീറ്റ് ആള്‍മാറാട്ടം: വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍ -മുഖ്യസൂത്രധാരന്‍ മലയാളി
ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതി അഡ്മിഷന്‍ വാങ്ങിയെന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ മലയാളിയായ ഇടനിലക്കാരന്‍ ജോര്‍ജ് ജോസഫാണെന്ന് വ്യക്തമായിട്ടുണ്ട്.
ചെന്നൈ: നീറ്റ് പരീക്ഷയില്‍ വേറെ ആളെ വച്ച് പരീക്ഷ എഴുതിച്ചതിന് ആറ് പേര്‍ ചെന്നൈയില്‍ അറസ്റ്റിലായി. എസ്ആര്‍എം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രവീണ്‍, അച്ഛന്‍ ശരവണന്‍, ശ്രീബാലാജി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി രാഹുല്‍, അച്ഛന്‍ ഡേവിസ്, സത്യസായി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനി അഭിരാമി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അഭിരാമിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനാണ്. അതിനാല്‍ അറസ്റ്റ് നടപടിയിലേക്ക് കടന്നില്ലെന്നും സിബിസിഐഡി വ്യക്തമാക്കുന്നു.
ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതി അഡ്മിഷന്‍ വാങ്ങിയെന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ മലയാളിയായ ഇടനിലക്കാരന്‍ ജോര്‍ജ് ജോസഫാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കൊപ്പം കേസുമായി ബന്ധപ്പെട്ട് റാഫി, മുഹമ്മദ് ഷാഫി എന്നിവരെയും സിബിസിഐഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. 2017 മുതല്‍ തമിഴ്‌നാട്ടില്‍ പ്രവേശനം നേടിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഡേറ്റാ ബേസ് പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.
തേനി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ ഉദിത് സൂര്യയില്‍ നിന്നാണ് ഈ കേസിന്റെ ചുരുളഴിഞ്ഞു തുടങ്ങുന്നത്. എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയും വിദ്യാര്‍ത്ഥിയുടെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് വന്‍ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്ആര്‍എം മെഡിക്കല്‍ കോളേജ്, ശ്രീബാലാജി മെഡിക്കല്‍ കോളേജ്, സത്യ സായി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇവരുടെ രേഖകള്‍ പരിശോധിച്ചതെന്ന് സിബിസിഐഡി വ്യക്തമാക്കി.