അരീക്കോട് വഖ്ഫ് ഭൂമി ഒഴിപ്പിക്കല്‍ നടപടിയില്‍ അനാസ്ഥ

അരീക്കോട് താഴത്തങ്ങാടി വലിയ ജമാഅത്ത് പള്ളിയുടെ കീഴിലുള്ള വഖഫിന്റെ 7.99 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചത് ഒഴിപ്പിക്കാനുള്ള നടപടിയില്‍ വഖഫ് ബോര്‍ഡിന്റെ അനാസ്ഥ തുടരുന്നു.

Update: 2021-12-10 05:09 GMT

അരീക്കോട്: താഴത്തങ്ങാടി വലിയ ജമാഅത്ത് പള്ളിയുടെ കീഴിലുള്ള വഖ്ഫിന്റെ 7.99 ഏക്കര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ കൈവശംവച്ചത് ഒഴിപ്പിക്കാനുള്ള നടപടിയില്‍ വഖ്ഫ് ബോര്‍ഡിന്റെ അനാസ്ഥ തുടരുന്നു. 2003 ല്‍ വാഴക്കാട് സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വഖ്ഫ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ വഖ്ഫ് സ്വത്ത് കൈമാറ്റം ചെയ്യപ്പെട്ടത് കണ്ടെത്തുകയും അന്ന് ഭൂമി കൈവശമാക്കിയവര്‍ക്ക് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.

2003 ആഗസ്ത് ഒന്നിന് നോട്ടിസ് നല്‍കിയ വഖ്ഫ് ഉദ്യോസ്ഥന്‍ വഖ്ഫിന് സമര്‍പ്പിച്ച രേഖയില്‍ ഭൂമി കൈവശംവച്ച പലരും നോട്ടിസ് കൈപ്പറ്റിയില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ വിദേശത്താണെന്നും മറ്റു ചിലര്‍ കൈപ്പറ്റാന്‍ തയ്യാറായിട്ടില്ലെന്നുമാണ് നോട്ടിസ് നല്‍കാനെത്തിയ ഉദ്യോസ്ഥന്‍ രേഖപ്പെടുത്തിയത്. ഇതുകാരണം കക്ഷികള്‍ക്ക് അയച്ച നോട്ടിസ് വഖ്ഫില്‍തന്നെ തിരിച്ചേല്‍പ്പിച്ചതായി ഉദ്യോസ്ഥന്‍ വ്യക്തമാക്കുന്നു. നോട്ടിസ് സ്വീകരിച്ചവര്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ദേശിച്ച ഹിയറിങ്ങിന് ഹാജരാവാന്‍ തയാറായിരുന്നില്ല എന്നാണ് വഖ്ഫ് രേഖകളിലുള്ളത്.

2004 ല്‍ അന്നത്തെ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഇരുപതിലേറെ കൈവശക്കാര്‍ക്ക് ഭൂമി തിരിച്ച് വഖ്ഫില്‍ ഏല്‍പ്പിക്കാന്‍ രേഖാമൂലം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും ചെയര്‍മാന്റെ ഉത്തരവ് കടലാസില്‍ ഒതുങ്ങുകയായിരുന്നു. മുസ്‌ലിം ലീഗിന് പ്രാതിനിധ്യമുള്ള പ്രദേശമായതിനാല്‍ രാഷട്രീയ സമ്മര്‍ദം മൂലം ഉത്തരവ് മരവിച്ചു.

1905ല്‍ മഞ്ചേരി രജിസ്ട്രാറില്‍ സീരിയല്‍ നമ്പര്‍ 198ല്‍ 270 / 1905 ആയി രജിസ്ട്രര്‍ ചെയ്ത നാനൂറ് പറ നെല്‍വയല്‍ ഉള്‍പ്പെടെയുള്ള 7.99 ഏക്കര്‍ ഭൂമി ചീമാടന്‍ ഇസ്മയില്‍ ഹാജിക്ക് ഖുര്‍ആന്‍ ഓതുന്നതിലേക്കുള്ള ഭക്ഷണ ചെലവിലേക്ക് വഖ്ഫ് ചെയ്തിരുന്നു. പിന്നീട് പലവിധ കാരണങ്ങളാല്‍ വസ്തുവകകള്‍ നോക്കി നടത്താന്‍ കഴിയാത്തതിനാല്‍ 72 3 / 1975 നമ്പര്‍ രേഖപ്രകാരം മക്കളായ ചീമാടന്‍ മുഹമ്മദ്, അബ്ദുല്ല, കദീജ, അയിശ, നബീശ ഉള്‍പ്പെടെയുളള മക്കള്‍ക്ക് സ്വത്ത് നോക്കി നടത്താന്‍ സമ്മതപത്രം നല്‍കുകയും രേഖയില്‍മേല്‍ സ്വത്തുക്കള്‍ വില്‍പന നടത്താന്‍ പാടില്ല എന്ന കരാര്‍ വയ്ക്കുകയും ചെയ്തു. പിന്നീടാണ് വഖ്ഫ് ഭൂമി കൈമാറ്റം ചെയ്യപ്പെടുകയുണ്ടായത്. എട്ട് ഏക്കറോളം വരുന്ന ഈ ഭൂമിക്ക് ഇന്നത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് 500 കോടിയിലധികം വില വരുന്നതാണ്. ഈ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവുണ്ടായിട്ടും വഖ്ഫ് ബോര്‍ഡ് നേതൃത്വം അവഗണിക്കുകയായിരുന്നു

1995ലെ വഖഫ് ആക്ട് പ്രകാരം പ്രത്യേക സാഹചര്യത്തില്‍ വഖ്ഫ് ബോര്‍ഡിന് ഭൂമി വില്‍ക്കാന്‍ അധികാരമുണ്ടായിരുന്നു. വില്‍പ്പന നടത്തിയ പണം കൊണ്ട് പകരം ഭൂമി വാങ്ങണം. എന്നാല്‍, അരീക്കോടിലെ ഭൂമി വില്‍പ്പന നടത്തിയത് വഖഫ് ബോര്‍ഡ് അല്ല, സ്വകാര്യവ്യക്തികളാണ്. ഇവരുടെ പേരും വിലാസവും ഉള്‍പ്പെടുത്തിയായിരുന്നു വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നത്.

2013ല്‍ പാര്‍ലമെന്റ് പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഇത്തരം കൈമാറ്റം അസാധുവാകുകയും സ്വത്ത് വഖ്ഫില്‍തന്നെ നിക്ഷിപ്തമായിരിക്കുകയും ചെയ്തു. വഖ്ഫ് ഭൂമി സംരക്ഷിക്കണമെന്ന ആവശ്യം രാഷ്ട്രീയ ചര്‍ച്ചയായ സാഹചര്യത്തില്‍ അരീക്കോടിലെ വഖ്ഫ് ഭൂമി കൈയേറ്റം തിരിച്ചുപിടിക്കണമെന്ന ആവശ്യം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

Tags:    

Similar News