ദേശീയ വിദ്യാഭ്യാസനയം സംസ്ഥാനത്തെ സാഹചര്യങ്ങള്‍ പരിഗണിച്ചു മാത്രമേ നടപ്പാക്കൂ: മന്ത്രി വി ശിവന്‍കുട്ടി

Update: 2021-08-12 12:09 GMT

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചുള്ള പരിഷ്‌കരണങ്ങള്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ പരിഗണിച്ചു മാത്രമേ നടപ്പാക്കൂ എന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭക്ഷ്യ ഭദ്രതാ അലവന്‍സ് വിതരണം 2021-22 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പഠിതാക്കള്‍ക്ക് ആഴത്തിലുള്ളതും എന്നാല്‍ താങ്ങാവുന്നതുമാകും കരിക്കുലം. അനാചാരങ്ങള്‍ക്കെതിരെയുള്ളതും ശാസ്ത്രീയവുമാകും പാഠ്യപദ്ധതി. ഭിന്ന ശേഷി കുട്ടികള്‍ക്ക് പ്രഥമ പരിഗണന ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും മാനസിക, ശാരീരിക വികാസത്തിനും പോഷകാഹാരങ്ങള്‍ മതിയായ രീതിയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇതുകൂടി കണക്കിലെടുത്തുകൊണ്ടാണ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍. 2020-21 അധ്യയനവര്‍ഷം പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് 200 ദിവസങ്ങള്‍ക്കും അപ്പര്‍ പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്ക് 220 ദിവസങ്ങള്‍ക്കും ഉള്ള ഭക്ഷ്യ ഭദ്രതാ അലവന്‍സ് സപ്ലൈകോയുടെ സഹകരണത്തോടെയാണ് വിതരണം ചെയ്തത്. 2021 22 അധ്യയന വര്‍ഷവും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതു വരെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ എന്റോള്‍ ചെയ്ത എല്ലാ കുട്ടികള്‍ക്കും ഭക്ഷ്യ ഭദ്രതാ അലവന്‍സായി ഭക്ഷ്യധാന്യവും കിറ്റുകളും സപ്ലൈകോയുടെ സഹകരണത്തോടെ വിതരണം ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 29,52,919 വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്‌പെഷ്യല്‍ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേള്‍വി പരിമിതികളുള്ള ഭിന്നശേഷി കുട്ടികള്‍ക്കും ഭക്ഷ്യ ഭദ്രതാ അലവന്‍സ് വിതരണം ചെയ്യുന്നതാണ്.

പ്രീ പ്രൈമറി,പ്രൈമറി വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്ക് യഥാക്രമം രണ്ട് കിലോഗ്രാം, ആറു കിലോഗ്രാം എന്നിങ്ങനെയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുക.അതോടൊപ്പം ഈ രണ്ടു വിഭാഗങ്ങള്‍ക്കും 497 രൂപയ്ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും.

അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് പത്തു കിലോഗ്രാം അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ കിറ്റുകള്‍ വിതരണം ചെയ്യുക. സപ്ലൈകോയാണ് പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഭക്ഷ്യധാന്യവും ഭക്ഷ്യ കിറ്റും സ്‌കൂളുകളില്‍ എത്തിച്ച് നല്‍കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാകും വിതരണം. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായിരുന്നു.

Tags:    

Similar News