കൊവിഡ് വരുന്നത് ഇന്ത്യയില്‍ നിന്ന്: ഇന്ത്യാ വിമര്‍ശനവുമായി നേപ്പാള്‍ വീണ്ടും

വിദേശത്ത് നിന്ന് അടുത്തിടെ മടങ്ങിയെത്തിയ തൊഴിലാളികളാണ് കൊവിഡ് ബാധിതരില്‍ 90 ശതമാനവുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി വിഭാഗം ഡയറക്ടര്‍ ഡോ. ബസുദേവ് പാണ്ഡെ പറഞ്ഞു.

Update: 2020-06-22 04:26 GMT

കാഠ്മണ്ഡു: ചൈനയില്‍ നിന്നുള്ളതിനേക്കാള്‍ മാരകമാണ് ഇന്ത്യയില്‍ നിന്നുള്ള വൈറസ് എന്ന നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ പ്രസ്താവനക്കു പിറകെ വീണ്ടും ഇന്ത്യക്കെതിരെ നേപ്പാളിന്റെ വിമര്‍ശനം. രാജ്യത്തെ കൊവിഡ്19 ബാധിതരില്‍ 90 ശതമാനവും ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നാണ് പുതിയ ആരോപണം. നേപ്പാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10000നടുത്ത് എത്തിയ സാഹചര്യത്തിലാണ് ഇന്ത്യക്കെതിരെ പുതിയ ആരോപണം ഉന്നയിച്ചത്.

നേപ്പാളിലെ 77 ജില്ലകളില്‍ 75ലും ഇപ്പോള്‍ കൊവിഡ് വ്യാപനമുണ്ട്. ആദ്യഘട്ടത്തില്‍ കൊവിഡ് ബാധ കുറവായിരുന്ന രാജ്യത്ത് ഞായറാഴ്ച മാത്രം 421 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് അടുത്തിടെ മടങ്ങിയെത്തിയ തൊഴിലാളികളാണ് കൊവിഡ് ബാധിതരില്‍ 90 ശതമാനവുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി വിഭാഗം ഡയറക്ടര്‍ ഡോ. ബസുദേവ് പാണ്ഡെ പറഞ്ഞു. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 98 ശതമാനവും പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പരിഷ്‌കരിച്ച പുതിയ ഭൂപടവും നേപ്പാള്‍ പുറത്തിറക്കിയതും അതിന് നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്തിയിരുന്നു. അതിനു ശേഷമാണ് ഇന്ത്യാ വിരുദ്ധ പ്രസ്താവനകളുമായി നേപ്പാള്‍ കൂടുതലായി രംഗത്തു വന്നത്. 

Tags:    

Similar News