ജയിച്ചാല്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്ക് രാജ്യത്തിന്റെ ഭാഗമാക്കും: നെതന്യാഹു
തെല്‍ അവീവ്: വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റ ഭവനങ്ങള്‍ രാജ്യത്തിന്റെ ഭാഗമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തിരഞ്ഞെടുപ്പ് പ്രാചാരണത്തിന്റെ ഭാഗമായി ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്. പലസ്തീന്‍ രാജ്യം ഉണ്ടാവാതിരിക്കാന്‍ താന്‍ ഈ നിയന്ത്രണം നിലവില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇസ്രയേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ ഭവനങ്ങളെ പിന്തുണക്കുന്ന വലതുപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കാനാണ് നെതന്യാഹുവിന്റെ തന്ത്രം. അതേസമയം, അന്താരാഷ്ട്രനിയമങ്ങളെ കാറ്റില്‍ പറത്തുന്ന നെതന്യാഹുവിന്റെ പ്രസ്താവന അദ്ഭുതപ്പെടുത്തുന്നില്ലെന്ന് മുതിര്‍ന്ന പലസ്തീന്‍ നേതാവ് സായെബ് ഇര്‍കത്ത് പ്രതികരിച്ചു. നെതന്യാഹുവിനെതിരേ തുര്‍ക്കിയും രംഗത്തെത്തി.