'കശാപ്പിന് മുമ്പ് അറവ്മൃഗത്തെ മയക്കണം'; അറവുശാലകള്‍ക്ക് കര്‍ണാടകയില്‍ പുതിയ മാര്‍ഗനിര്‍ദേശം തയ്യാറാവുന്നു
ബെംഗളൂരു: മുസ് ലിംകളെ ലക്ഷ്യമിട്ടുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ അറവ് ശാലകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവരുന്നു. അറവിനു മുമ്പ് അറവ് മൃഗത്തെ മയക്കിക്കിടത്തണമെന്നാണ് പുതിയ നിര്‍ദേശമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അതേസമയം അറവ്ശാലകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന തന്ത്രപരമായ മറുപടിയാണ് ബിജെപി നല്‍കുന്നത്.
ഹിജാബ് നിരോധനം, ഹലാല്‍ മാംസനിരോധനം എന്നിവയ്ക്കു പിന്നാലെയാണ് അറവിന് മുമ്പ് അറവ്മൃഗത്തെ മയക്കണമെന്ന നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നത്.
അറവിന് മുമ്പ് മൃഗത്തെ മയക്കുന്നത് ഇസ് ലാമിക നിയമപ്രകാരം ഹറാമാണ്.
അറവിനു മുമ്പ് മൃഗത്തെ മയക്കി മരണം വേദനരഹിതമക്കണമെന്ന മൃഗസ്‌നേഹികളുടെ ആവശ്യം പരിഗണിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹന്‍ പറഞ്ഞു. ഈ നിബന്ധന ഇതുവരെയും പ്രാവര്‍ത്തികമാക്കിയിട്ടില്ല. പക്ഷേ, അതേകുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഹലാലുമായി ബന്ധപ്പെട്ട നിബന്ധനകള്‍ മുസ് ലിം സമുദായത്തെ പല രീതിയില്‍ ബാധിക്കുമെന്ന് ഉറപ്പാണ്. മുസ് ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പല രീതികളെയും വിവിധ കാരണങ്ങള്‍ പറഞ്ഞ് നിയന്ത്രിക്കുന്നതാണ് പല സംസ്ഥാനങ്ങളിലും കണ്ടുവരുന്നത്.
അറവ് മൃഗത്തെ മയക്കുന്ന രീതി ആരും അനുസരിക്കുന്നില്ലെന്നും അതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പിന്റെ ജോയിന്റ് ഡയറക്ടര്‍ ഉമാപതി പറഞ്ഞു. മാര്‍ഗനിര്‍ദേശത്തിന്റെ അഭാവമാണ് ഈ സ്ഥിതിക്കു കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. മാര്‍ഗനിര്‍ദേശം പ്രാബല്യത്തിലായാല്‍ അത് ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ കഴിയും. ആദ്യത്തെ തവണ നിയമം ലംഘിച്ചാല്‍ പിഴയും രണ്ടാം തവണ മുതല്‍ ആറ് മാസം മുതല്‍ 3വര്‍ഷം വരെ തടവും ലഭിച്ചേക്കാം. 50 മുതല്‍ ഒരു ലക്ഷം വരെയാണ് പിഴത്തുക.