എല്ലാ വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിക്കുമ്പോള്‍ മാത്രമേ പുതിയ കേരളം യാഥാര്‍ഥ്യമാകൂ: തുളസീധരന്‍ പള്ളിക്കല്‍
വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംഘടിപ്പിച്ച ഒരുക്കം 2021 പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി: സ്ത്രീകള്‍ക്കും അധ:സ്ഥിത പിന്നാക്ക വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിക്കുമ്പോള്‍ മാത്രമേ പുതിയ കേരളം യാഥാര്‍ഥ്യമാവൂ എന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍.
വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംഘടിപ്പിച്ച ഒരുക്കം 2021 പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ കേരളം സൃഷ്ടിക്കുവാന്‍ അടിസ്ഥാന പിന്നാക്ക വിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അനിവാര്യമാണ്. അതില്‍ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകള്‍ക്ക് നിസ്തുലമായ പങ്ക് വഹിക്കുവാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദലിത്, പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭ്യമാക്കുവാനാണ് പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ മുന്നോട്ട് വരേണ്ടത്. അതിനുള്ള സാമൂഹിക രാഷ്ട്രീയ പരിസരങ്ങള്‍ ഒരുക്കുവാന്‍ സമൂഹം തയ്യാറാവണം. നവോത്ഥാനത്തെക്കുറിച്ചും ആധുനിക കേരള സങ്കല്പങ്ങളെ കുറിച്ചും പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഖ്യാപനങ്ങള്‍ വെറും വാചകക്കസര്‍ത്തുകള്‍ മാത്രമാണ് എന്നതാണ് ഓരോ പ്രാവശ്യവും കേരള സര്‍ക്കാറുകളും തെളിയിക്കുന്നത്.
രണ്ട് ആദിവാസി പ്രതിനിധികള്‍ നിയമസഭയിലുള്ളപ്പോള്‍ അവരെ പരിഗണിക്കാതെ സവര്‍ണ സമ്പന്നവിഭാഗങ്ങള്‍ക്ക് അവരുടെ ജനസംഖ്യയുടെ രണ്ടോ മൂന്നോ ഇരട്ടിയിലധികം സ്ഥാനങ്ങള്‍ കൊടുത്തു കൊണ്ടുള്ള തുടര്‍ച്ചകള്‍ ഇനിയും അനുവദിച്ച് കൂടാ. അതിന് അവരുടെ കൂടെ പ്രാതിനിധ്യം കിട്ടുന്ന അധികാരം യാഥാര്‍ത്ഥ്യമാവണം. ആദിവാസികളെയും ദലിതരെയും പാര്‍ശ്വവല്‍കൃതരെയും ഐക്യപ്പെടുത്തി കൊണ്ടുള്ള സാമൂഹിക പോരാട്ടങ്ങളാണ് സമകാലിക കേരളം കാത്തിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.