മോദിലൈ; കള്ളത്തരത്തിന് പുതിയ വാക്കുമായി രാഹുൽ ​ഗാന്ധി

Update: 2019-05-16 01:50 GMT

ന്യൂഡൽഹി: കള്ളത്തരത്തിന് നിഘണ്ടുവിൽ പുതിയ വാക്ക് കണ്ടെത്തിയ വാർത്ത പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി രാഹുൽ ഗാന്ധി. റഡാര്‍, ഡിജിറ്റല്‍ ക്യാമറ, ഇ മെയില്‍ വിവാദം എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററിൽ പോസ്റ്റിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നിരന്തരമായി നുണ പറയുന്നതിനാല്‍ ഇം​ഗ്ലീഷ് ഡിക്ഷ്ണറിയില്‍ മോദിലൈ(modilie) ഉള്‍പ്പെടുത്തിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഒാക്സ്ഫഡ് ഡിക്ഷണറിയുടേതിന് സമാനമായ പേജിന്റെ സ്ക്രീൻ ഷോട്ടുമായി ട്വീറ്റ് ഇതിനോടകം തന്നെ നിരവധി പേർ റീട്വീറ്റ് ചെയ്തു വൈറലാക്കിയിട്ടുണ്ട്. സത്യത്തെ നിരന്തരം രൂപം മാറ്റുന്നു എന്ന അർഥമാണ് രാഹുൽ ട്വീറ്റ് ചെയ്ത ഡിക്ഷണറിയിലെ മോദിലൈയുടെ അർഥം. അതേസമയം, ഡിക്ഷ്ണറിയിൽ യഥാർഥത്തിൽ ഇങ്ങനെയൊരു അർഥം തിരഞ്ഞാൽ ലഭിക്കുന്നില്ല. രാഹുലിന്റെ ട്രോളുമാത്രമാണ് ഇതെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. അതേസമയം, സംഘപരിവാര ട്വിറ്റർ അക്കൗണ്ടുകൾ രാഹുൽ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്ന് പറഞ്ഞ് ഒാക്സ്ഫഡ് ഡിക്ഷ്ണറിയുടെ പേജുമായി രം​ഗത്തെത്തി. യഥാർഥത്തിൽ രാഹുൽ തന്റെ ട്വീറ്റിൽ എവിടെയും ഒാക്സ്ഫഡ് എന്ന് ഉപയോ​ഗിച്ചിട്ടില്ല. ഒാക്സ്ഫഡിന് സമാനമായ വെബ് പേജ് നിർമിച്ചുവെന്നേയുള്ളു.




Similar News